ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം 25 മിനിറ്റ് മുമ്പേ പുറപ്പെട്ട സംഭവം വിവാദത്തില്‍. ഗോവ വിമാനത്താവളത്തില്‍ നിന്ന് 14 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിനു 25 മിനിറ്റ് മുമ്പ് പുറപ്പെടുന്ന കാര്യം യാത്രക്കാരെ അറിയിച്ചില്ലെന്നാണ് വിവരം. തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ അവസരം നഷ്ടപ്പെട്ട യാത്രക്കാര്‍ക്ക് സൗജന്യമായി തൊട്ടടുത്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവാദം നല്‍കി ഇന്‍ഡിഗോ അധികൃതര്‍ തടിയൂരുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ 6ഇ 259 ഇന്‍ഡിഗോ വിമാനം 10.50ന് ആയിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പുറപ്പെടേണ്ട സമയത്തിന് 25 മിനിറ്റ് മുമ്പേ പുറപ്പെടുകയായിരുന്നു. ഹൈദരാബാദില്‍ 12.05ന് ലാന്റു ചെയ്യേണ്ട വിമാനം 11.40ന് എത്തുകയും ചെയ്തു.
ലഗേജ് വിമാനത്തില്‍ കയറ്റിയ ശേഷം യാത്രക്കാരെ കയറ്റാതെ പോവുന്നത് കടുത്ത സുരക്ഷാ പാളിച്ചയാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. പുറപ്പെടുന്നതിന് മുമ്പ് നിരവധി തവണ അനൗണ്‍സ്‌മെന്റ് നടത്തിയിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് വിമാനം പുറപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ബോര്‍ഡിങ് ഗേറ്റ് 10.25ന് അടച്ചു. 10.30ന് എത്തിയെങ്കിലും കയറ്റി വിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.