X

ഭീതിയുടെ നിഴലില്‍ കണ്ണൂരും; മലയോരത്ത് ഉരുള്‍ പൊട്ടല്‍

representative image

കണ്ണൂര്‍: കാലവര്‍ഷ കെടുതിയില്‍ കണ്ണൂരിലും നാശ നഷ്ട കണക്കുകള്‍ കൂടുന്നു. തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മലയോരത്ത് ഉരുള്‍ പൊട്ടല്‍. എങ്ങും ഭീതി.
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് നാശ നഷ്ടങ്ങള്‍ കൂടുന്നത്. ഇരിട്ടി താലൂക്കിലെ കൊട്ടിയൂര്‍ വില്ലേജ് അമ്പായത്തോട്ടിലും പാല്‍ചുരം, കേളകം മേഖലകളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. മട്ടന്നൂര്‍ നായിക്കാലി പാലം മിച്ച ഭൂമിക്ക് സമീപത്തും ഉരുള്‍ പൊട്ടലുണ്ടായി. ഇതേതുടര്‍ന്ന് സമീപ വീടുകളിലുള്ളവരെ മാറ്റിപാര്‍ച്ചിച്ചു.
ശക്തമായ കാറ്റില്‍ രാമന്തളി ഏറന്‍ പുഴയിലാണ് തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. കൊവ്വപ്പുറം സ്വദേശിയും പയ്യന്നൂര്‍ കണ്ടോത്ത് താമസക്കാരനുമായ പണ്ടാരവളപ്പില്‍ ഭാസ്‌കരനാ(55)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുഞ്ചക്കാട് സ്വദേശി ബാലനാണ് നീന്തി രക്ഷപ്പെട്ടത്.
ഉരുള്‍പൊട്ടലും വെളക്കെട്ടും കാരണം പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വെള്ളക്കെട്ടില്‍ കൃഷി നാശത്തിന്റെ കണക്കും കൂടുകയാണ്. അഞ്ചരക്കണ്ടിയില്‍ കീഴല്ലൂര്‍ ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണമായും തുറന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. തളിപ്പറമ്പില്‍ വീട് തകര്‍ന്ന് വയോധികയ്ക്ക് പരിക്കേറ്റു. ബക്കളം ലക്ഷം വീട് കോളനിയിലെ കെ.ടി പ്രഭാവതിയുടെ വീടാണ് തകര്‍ന്ന് വീണത്. ഇന്നലെ രാവിലെ 7.50ഓടെയായിരുന്നു സംഭവം. വീടിനകത്തുണ്ടായിരുന്ന കമല(88)ണ് പരിക്കേറ്റത്.
കനത്ത് മഴയില്‍ വെള്ളം കയറി ചെറുപുഴ പഞ്ചായത്തിലെ കാനം വയല്‍ കോളനി ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ പത്ത് കുടുംബങ്ങളിലെ 37 പേരെ മാറ്റിപാര്‍പ്പിച്ചു. അപകടത്തിലായ പാലത്തിന് പകരം താല്‍ക്കാലിക പാലവും നിര്‍മ്മിക്കുന്നുണ്ട്. വെള്ളക്കെട്ടില്‍ വാഹന ഗതാഗതമുള്‍പ്പെടെ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ ശ്രീകണ്ഠപുരം മേഖലയും ഒറ്റപ്പെട്ടിരിക്കുകയാണ്. ചെങ്ങളായി കൗപ്രം നിവാസികളുടെ ജീവിതവും നരകതുല്യമായി. ജില്ലയിലെ മറ്റ് മേഖലകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

chandrika: