X

മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നര്‍മ്മദാപുരം ജില്ലയില്‍ നിന്ന് 2 തവണ എം.എല്‍.എയായ ഗിരിജ ശങ്കര്‍ ശര്‍മ്മയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.73 കാരനായ ഇദ്ദേഹത്തോടൊപ്പം ബി.ജെ.പിയുടെ ടികംഗഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭക്തി തിവാരിയടക്കം നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

”ബിജെപിയില്‍ ജനാധിപത്യം അവസാനിച്ചതിനാലാണ് ഞാന്‍ ആ പാര്‍ട്ടി വിട്ടത്. അവിടെ മുഖസ്തുതി സംസ്‌കാരം തഴച്ചുവളരുകയാണെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം സ്വീകരിച്ച ശേഷം ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പതിറ്റാണ്ടുകളായി ബി.ജെ.പി അനുഭാവ കുടുംബമാണ് ശര്‍മ്മയുടേത്. 2003 ലും 2008 ലുമാണ് ഹൊഷംഗബാദ് എം.എല്‍.എയായത്. ശര്‍മ്മ ഒമ്പത് ദിവസം മുമ്പ് ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ സീതാശരണ്‍ ശര്‍മ മധ്യപ്രദേശ് നിയമസഭാ സ്പീക്കറാണ്.

സീതാശരണ്‍ ശര്‍മ ഹോഷംഗാബാദ് മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ ബി.ജെ.പി ടിക്കറ്റില്‍ എം.എല്‍.എയായിട്ടുണ്ട്. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റം. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥാണ് ഗിരിജ ശങ്കര്‍ ശര്‍മ്മക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ്, ബി.ജെ.പി എം.എല്‍.എ വീരേന്ദ്ര രഘുവംശയും മുന്‍ എം.എല്‍.എ ഭന്‍വര്‍ സിംഗ് ഷെഖാവതും 10 ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

webdesk13: