X

ഹര്‍ദ്ദിക് പട്ടേലിന്റെ വിശ്വസ്തന്‍ ചിരാഗ് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ സമരം നയിച്ച ഹാര്‍ദിക് പട്ടേലിന്റെ വിശ്വസ്ഥന്‍ ചിരാഗ് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഏജന്റാണെന്നാരോപിച്ചാണ് ചിരാഗ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ സാന്നിദ്ധ്യത്തിലാണ് ബി.ജെ.പിയിലേക്കുള്ള പ്രവേശനം. ഹാര്‍ദ്ദിക് പട്ടേലുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരുന്നത്. നേരത്തെ വരുണ്‍ പട്ടേല്‍,രേഷ്മ പട്ടേല്‍ എന്നിവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പട്ടേല്‍ അനാമത് ആന്തോളന്‍ സമിതിയുടെ മുന്‍ കണ്‍വീനറായ ചിരാഗിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഹാര്‍ദ്ദിക് പട്ടേലിനെതിരെ പരസ്യമായി വിമര്‍ശനമുയര്‍ത്തിയതിന് ചിരാഗ് പട്ടേലിനേയും മറ്റു അനുഭാവിയായ കെതാല്‍ പട്ടേലിനേയും നേരത്തെ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതാണ്. തുടര്‍ന്നാണ് ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നത്. പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പട്ടേല്‍ വിഭാഗക്കാരുള്ള സൗരാഷ്ട്ര മേഖലയില്‍ മുമ്പ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 58സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 37സീറ്റും കോണ്‍ഗ്രസ്സിന് 16സീറ്റുമാണ് അവിടെ ലഭിച്ചത്. കോണ്‍ഗ്രസ്സിനൊപ്പം സഖ്യത്തിനില്ലെന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തുരത്താന്‍ കോണ്‍ഗ്രസ്സിനൊപ്പമുണ്ടായിരിക്കുമെന്ന് ഹര്‍ദ്ദിക് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്‍പതിനും പതിനാലിനുമാണ് തെരഞ്ഞെടുപ്പ്. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18ന് പുറത്തുവരും.

chandrika: