X

കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി രൂപ സി.പി.എം നേതാവ് കൈപ്പറ്റിയെന്ന ആരോപണവുമായി ദേശാഭിമാനി പത്രാധിപ സമിതി മുന്‍ അംഗം

കൈതോലപ്പായയില്‍ പൊതിഞ്ഞ് 2 കോടി മുപ്പത്തിഅയ്യായിരം രൂപ കോടി ഉന്നത സി.പി.എം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരന്‍. ഫെയ്‌സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരന്‍ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്റ്റാണ് വന്‍വിവാദമാകുന്നത്. കൊച്ചി കലൂരിലെ തന്റെ ഓഫീസിലെ മുറിയില്‍ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചുവെന്ന് പോസ്റ്റില്‍ പറയുന്നു.

വന്‍ തോക്കുകളില്‍ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയില്‍ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍വരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കല്‍ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരന്‍ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതില്‍ ഒരു കവര്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തില്‍ പണം എണ്ണിയപ്പോള്‍ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു.

നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു. ശക്തിധരന്റെ ആക്ഷേപം കോണ്‍ഗ്രസ് ഏറ്റെടുത്തു. തനിക്കെതിരായി ഇനിയും സൈബര്‍ ആക്രമണം തുര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ശക്തിധരന്റെ മുന്നറിയിപ്പ്.

webdesk13: