X

മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ്മി ആസ്പത്രിയിലായിരുന്നു അന്ത്യം. കലൂര്‍ ദേശാഭിമാനി റോഡ് ടാഗോര്‍ സ്ട്രീറ്റ് വടക്കൂട്ട് വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് രവിപുരം ശ്മശാനത്തില്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം.

അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോന്‍ ജനിച്ചത്. എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു.

വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാല്‍ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു.

1956 ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നിലകൊണ്ടു. 1964 ല്‍ ചൈനീസ് ചാരനെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 18 മാസം ജയിലില്‍ കഴിഞ്ഞു. 1967 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചു. പാര്‍ലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ നോമിനേറ്റ് ചെയ്ത സെനറ്റില്‍ അംഗമായി. 1971ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു വിജയിച്ച് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. പില്‍ക്കാലത്ത് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു. 2003 ല്‍ എറണാകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ചു. ബിജെപിയുടെ പിന്തുണയോടയായിരുന്നു ഇത്.

ആത്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’ ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

ഭാര്യ: കെ പ്രഭാവതി മേനോന്‍ (റിട്ട. ടീച്ചര്‍) മക്കള്‍: അഡ്വ. വി അജിത് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍, മരുമക്കള്‍: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസര്‍ സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രൊഫസര്‍ എംഇഎസ് കോളേജ്, എടത്തല).

chandrika: