india

15 ദിവസത്തിനുള്ളില്‍ നാല് ദുബൈ യാത്ര; 14.8 കിലോ സ്വര്‍ണവുമായി കന്നട നടി രന്യ റാവു പിടിയില്‍

By webdesk18

March 05, 2025

14.8 കിലോ സ്വര്‍ണവുമായി കന്നട നടി രന്യ റാവു പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ദുബൈയില്‍ നിന്നെത്തിയ നടി ബംഗളൂരു ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായത്.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നടി രന്യ നാല് തവണ ദുബൈ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഏകദേശം 12 കോടിയോളം വില വരുന്ന സ്യര്‍ണം ദേഹത്ത് അണിഞ്ഞും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെടുത്തത്. കര്‍ണാടയിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളാണ് താനെന്ന് രന്യ അവകാശപ്പെട്ടതായും വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് എസ്‌കോര്‍ട്ട് പോകാന്‍ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരോട് നടി ആവശ്യപ്പെട്ടിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് നടിയുടെ പക്കലില്‍ നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നതും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നടന്‍ സുദീപ് നായകനായി 2014ല്‍ പുറത്തിറങ്ങിയ ‘മാണിക്യ’യിലൂടെയാണ് രന്യ റാവു അഭിനയ രംഗത്തേക്ക് കടക്കുന്നത്. നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.