X

എഫ്.ആര്‍.ഡി.ഐ ബില്‍: മോദി സര്‍ക്കാറിന്റെ അടുത്ത ‘ബോംബ്’

ന്യൂഡല്‍ഹി: ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയിലെ നിയമ പരിഷ്‌കരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്‍.ഡി. ഐ) ബില്‍ 2017 ആണ് വിവാദമാകുന്നത്. ബില്ലിലെ പല വ്യവസ്ഥകളും ബാങ്കിങ്, ഇന്‍ഷൂറന്‍സ് ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ വഞ്ചിക്കുന്നതാണെന്നാണ് ആക്ഷേപം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അവയിലെ നിക്ഷേപങ്ങള്‍ ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ വകമാറ്റാമെന്ന ബില്ലിലെ നിര്‍ദേശമാണ് എതിര്‍പ്പിന് ഇടയാക്കുന്നത്. എഫ്. ആര്‍.ഡി.ഐ ബില്ലിലെ 52ാം വകുപ്പില്‍ പറയുന്ന ബെയില്‍ ഇന്‍ ഒപ്ഷന്‍ വഴിയാണ് ഇതിന് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അധികാരം നല്‍കുന്നത്. സാധാരണ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളേയും ചെറിയ തുകക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികളേയുമാണ് ഇത് കൂടുതല്‍ ബാധിക്കുക.
പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള ബാധ്യതകള്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയാകുന്ന ഘട്ടം വന്നാല്‍ പ്രത്യേക പ്രമേയം വഴി ബെയില്‍ ഇന്‍ പ്രാബല്യത്തില്‍ വരുത്താമെന്നും ഈ സമയത്ത് ഉപഭോക്താക്കളെ അറിയിക്കാതെ തന്നെ അവരുടെ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ബാങ്കിന്റെ ബാധ്യതകള്‍ തീര്‍ക്കാമെന്നുമാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ബില്‍ പ്രകാരം രൂപീകരിക്കുന്ന റസല്യൂഷന്‍ കോര്‍പ്പറേഷന് ആയിരിക്കും ബെയില്‍ ഇന്‍ ്പ്രഖ്യാപിക്കാനുള്ള അധികാരം. നിലവില്‍ ഇത്തരത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന ബാങ്കുകളെ സാമ്പത്തിക ഭദ്രതയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ രക്ഷാ പാക്കേജ് വഴി സര്‍ക്കാര്‍ ഫണ്ട് നല്‍കി ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കുകയോ ആണ് ചെയ്യാറ്. ഇതിന് ബദലായാണ് നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാനുള്ള കുറുക്കുവഴി നിര്‍ദേശിക്കുന്നത്. എഫ്.ആര്‍.ഡി.ഐ നിയമത്തിലെ ഇതേ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് കവറേജുകള്‍ റദ്ദാക്കാനുള്ള അധികാരവും കമ്പനികള്‍ക്ക് ഉണ്ടാകും.
കൂടാതെ സേവിങ്‌സ് നിക്ഷേപങ്ങളും ചെറിയ തുകയുടെ സ്ഥിര നിക്ഷേപങ്ങളും അനിശ്ചിതകാലത്തേക്ക് ഉപഭോക്താവിന് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം മരവിപ്പിച്ചു നിര്‍ത്താനുള്ള അധികാരവും ബില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മാത്രമല്ല 1961ലെ ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിയമം അനുസരിച്ച് ബാങ്കുകളോ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളോ നിക്ഷേപം സ്വീകരിക്കുമ്പോള്‍ തത്തുല്യ തുകക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണം. ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ന്നാലും ഉപഭോക്താവിന് നിക്ഷേപം തിരികെ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. കൂടാതെ റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്കുണ്ടാവും. എന്നാ ല്‍ പുതിയ ബില്‍ നിയമമായാല്‍ ഇത്തരം സംരക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണെന്ന ബോധം ഇതോടെ ഇല്ലാതാകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. സാധാരണക്കാരും ദരിദ്രരും കഠിനാധ്വാനത്തിലൂടെ മിച്ചംവെച്ച് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം ബാങ്കുകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള അധികാരമാണ് ബില്ലിലൂടെ നല്‍കുന്നത്. സേവിങ്‌സ് നിക്ഷേപങ്ങളിലും ചെറിയ ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികളിലും അംഗമാകുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരോ ദരിദ്രരോ ആയിരിക്കും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും സാധാരണക്കാരെ ആയിരിക്കും. മാത്രമല്ല, വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ ഇതിന്റെ ഭാരം പേറേണ്ടി വരുന്നതും സാധാരണ ഉപഭോക്താക്കള്‍ ആയിരിക്കും.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്കായി വിടുകയായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ തന്നെ അപൂര്‍വമായാണ് ഇത്തരമൊരു നിയമ നിര്‍മാണത്തിന് ഭരണകൂടം ഒരുങ്ങുന്നത്. നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കാത്തതിനെതുടര്‍ന്ന് 2013ല്‍ ബാങ്ക് ഓഫ് സൈപ്രസില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ നിക്ഷേപത്തുക നഷ്ടമായിരുന്നു.

chandrika: