പാരീസ്: ജനാധിപത്യത്തിന്റെ കോട്ടയെന്നു വിശേഷിപ്പിക്കുന്ന ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ജനം ഇന്നു വിധിയെഴുതും. പരമ്പരാഗത പാര്‍ട്ടികള്‍ പിന്നോക്കം പോയ തെരഞ്ഞെടുപ്പെന്ന വിശേഷമാണ് ഇക്കുറി. തെരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്പിന്റെയാകെ ഭാവി നിര്‍ണയിക്കുന്നതാകുമെന്നു ചൂണ്ടിക്കാട്ടുന്നു. എന്‍ മാര്‍ഷ് പാര്‍ട്ടിയുടെ ഇമ്മാനുവേല്‍ മാക്രോണിനാണ് വിജയ സാധ്യത. പ്രസിഡന്റായാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോ നാണയത്തില്‍ നിന്നും പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നാഷണല്‍ ഫ്രണ്ട് നേതാവ് മാരിന്‍ ലെ പെന്‍ ആണ് മാക്രോണിന്റെ എതിരാളി.

ദേശീയ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാത്ത യൂറോപ്യന്‍ യൂണിയന്‍ ഇത്തവണ മാക്രോണിനെ പിന്തുണച്ച് രംഗത്തെത്തി. യൂറോപ്പിലെ ഏറ്റവും കരുത്തനായ ജര്‍മന്‍ ചാന്‍സലര്‍ ആംഗലേയ മെര്‍ക്കല്‍, യൂറോപ്യന്‍ യൂണിയന്റെ മുഖ്യചര്‍ച്ചക്കാരന്‍ മിഷേല്‍ ബാര്‍ണിയര്‍ എന്നിവര്‍ അടക്കം ഒട്ടേറെ പേര്‍ മാക്രോണിനെ പിന്തുണച്ചു രംഗത്തെത്തി. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും മാക്രോണിന് വോട്ടു ചെയ്യണമെന്നു ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടു. കടുത്ത ദേശീയവാദിയായ മറീന്‍ ലെ പെന്നിന്റെ വിജയം യൂറോപ്പിന്റെയും നാറ്റോ ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യങ്ങളുടെയും അടിത്തറയിളക്കുമെന്നും ഭയപ്പെടുന്നു. എന്‍ മാര്‍ഷെ എന്ന പുത്തന്‍ രാഷ്ട്രീയ പ്രസ്ഥാനവുമായിട്ടായിരുന്നു മാക്രോണിന്റെ വരവ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ശക്തി തന്നെയാണ് മാക്രോണിന്റെ പിന്‍ബലം. ആറ് പതിറ്റാണ്ടുകാലം ഫ്രഞ്ചില്‍ അടക്കി വാണ ഇടതു വലതു പാര്‍ട്ടികളെ നിഷ്പ്രഭരാക്കി മറ്റു രണ്ടു പാര്‍ട്ടികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുന്നത് ആദ്യമായാണ്. ആദ്യഘട്ട വോട്ടെടുപ്പിലും മാക്രോണിനായിരുന്നു നേരിയ മുന്‍തൂക്കം. ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തിലധികം വോട്ടു നേടാനായില്ല. ഇതോടെയാണ് പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്.
മധ്യവാദിയും ഫ്രാന്‍സ്വെ ഒലാങ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായിരുന്ന ഇമ്മാനുവല്‍ മാക്രോണ്‍ 23.0 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി മറീന്‍ ലീ പെന്‍ 21.5 ശതമാനം വോട്ടുകള്‍ നേടി. ഇടത് മധ്യവര്‍ഗ പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം ലഭിക്കാറുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ്-റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പുറത്താകുന്നത് ആദ്യമായാണ്. ഇമ്മാനുവല്‍ മാക്രോണ്‍, മറീന്‍ ലെ പെന്‍ എന്നിവരെ കൂടാതെ ഇടതുപക്ഷക്കാരനും അണ്‍ബോവ്ഡ് ഫ്രാന്‍സ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമായ ലൂന്‍ മെലന്‍ഷോണ്‍, മധ്യവലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബെനോയിറ്റ് ഹാമ്മണ്‍ എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം.
അഭിപ്രായ വോട്ടെടുപ്പില്‍ മാരിന്‍ ലെ പെന്നിന്‍ തന്നെയായിരുന്നു മുന്‍പില്‍. എന്നാല്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിച്ച മുന്‍ ബാങ്കര്‍ ഇമ്മാനുവല്‍ മാക്രോണ്‍ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് മാക്രോണ്‍. സാമ്പത്തിക വിഷയങ്ങളില്‍ ഉദാരനിലപാട് സ്വീകരിക്കുകയും യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചത്. അതേ സമയം ഫ്രാന്‍സില്‍ നിന്നും കുടിയേറ്റക്കാരെ പുറത്താക്കുമെന്നും രാജ്യത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു മോചിപ്പിക്കുമെന്നുമുള്ള വാഗ്ദാനങ്ങളാണ് മറീന്‍ ലീ പെന്‍ മുന്നോട്ടു വച്ചത്. 14ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

ഇ മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് മാക്രോണ്‍

പാരീസ്: പ്രസിഡന്റ് പദത്തിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിയ്‌ക്കെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാര്‍ത്ഥി ഇമ്മാനുവേല്‍ മാക്രോണ്‍ രംഗത്ത്. ഇ മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നും സുപ്രധാന വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മാക്രോണ്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയ്ക്കിടെയാണ് മാക്രോണ്‍ ആരോപണം ഉന്നയിച്ചത്. ഇ മെയില്‍ ഹാക്ക് ചെയ്ത് സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുകയാണെന്നു മാക്രോണ്‍ പക്ഷം ആരോപിച്ചു. നിയമാനുസൃതമായ രേഖകള്‍ക്കൊപ്പം തെറ്റായ രേഖകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മാക്രോണിനെ ദുര്‍ബലപ്പെടുത്തുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നും മാക്രോണ്‍ പക്ഷം ആരോപിച്ചു. ഒരു ഫയല്‍ ഷെയറിങ് വെബ്‌സൈറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സുപ്രധാന രേഖകള്‍ ചോര്‍ത്തിയത്.