X
    Categories: MoreViews

ഇസ്‌ലാമില്‍ തലയിടരുതെന്ന് മക്രോണിനോട് മുസ്‌ലിം സംഘടന

പാരിസ്:ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യത്തില്‍ അനര്‍ഹമായി ഇടപെടരുതെന്ന് ഫ്രാന്‍സിലെ ഒരു പ്രമുഖ ഇസ്്‌ലാമിക സംഘടന പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് ആവശ്യപ്പെട്ടു. ഓരോരുത്തരും സ്വന്തം പണി നോക്കിയാല്‍ മതിയെന്ന് ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്്‌ലിം ഫെയ്ത്ത് പ്രസിഡന്റ് അഹ്മദ് ഒഗ്രാസ് പറഞ്ഞു.

ഇസ്്‌ലാമും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങള്‍ പുനനിര്‍വചിക്കുമെന്ന മക്രോണിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിലെ രണ്ടാമത്തെ ഏറ്റവും വലിയ മതവിഭാഗമാണ് മുസ്്‌ലിംകള്‍. ഇസ്്‌ലാം ഒരു മതമാണന്നും അതിന്റെ കാര്യം അത് നോക്കിക്കോളുമെന്ന് ഒഗ്രാസ് പറഞ്ഞു. രാഷ്ട്രത്തലവനെന്ന നിലയില്‍ മക്രോണ്‍ ആ പണിയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വലതുപക്ഷ തീവ്രവാദിയായജ മറീന്‍ ലീ പെന്നിനെ പരാജയപ്പെടുത്തിയാണ് മക്രോണ്‍ പ്രസിഡന്റായത്. മതേതരത്വം തിരിച്ചുകൊണ്ടുവരുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇസ്്‌ലാമിന്റെ കാര്യത്തില്‍ ചില അതിര്‍വരമ്പുകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. മുസ്്‌ലിം സ്ത്രീകളുടെ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഫ്രാന്‍സില്‍ ഇസ്്‌ലാമിനെതിരെ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മക്രോണിനുമേല്‍ സമ്മര്‍ദ്ദമുണ്ട്.
മുസ്്‌ലിം പ്രഭാഷകര്‍ക്കും പള്ളികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമന്നാണ് ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2015 മുതല്‍ ഫ്രാന്‍സിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ 230ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

chandrika: