X

ഡ്യൂട്ടിക്കെത്താതെ ഒപ്പിട്ട് പോകുന്നവര്‍ക്കെതിരെ പത്രത്തില്‍ ഫുള്‍ പേജ് പരസ്യം നല്‍കും: ബിജു പ്രഭാകര്‍

ഉഴപ്പുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. കെ.എസ്.ആര്‍.ടി.സിയില്‍ 1243 ജീവനക്കാര്‍ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘അവര്‍ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെന്‍ഷന്‍ മാത്രമാണ്. അത്തരക്കാര്‍ വി.ആര്‍.എസ് എടുത്തു പോകണം. അത്തരക്കാര്‍ക്കെതിരെ പിരിച്ചു വിടല്‍ നടപടിയുണ്ടാകും. നോട്ടീസ് കൈപ്പറ്റാത്തവര്‍ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തില്‍ ഫുള്‍പേജ് പരസ്യം നല്‍കും. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാന്‍ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ട്’ ബിജു പ്രഭാകര്‍ വ്യക്തമാക്കി.

അതേസമയം, കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകറിന്റെ രാജി ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. ധനവകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടാകുന്ന പ്രശ്‌നത്തിന് സി.എം.ഡി ഒഴിയേണ്ടതില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.

ഓണം അടുത്തതോടെ ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സും നല്‍കാനായില്ലെങ്കില്‍, സി.എം.ഡി കോടതിയില്‍ അതിനും മറുപടി പറയേണ്ടി വരും. സി.ഐ.ടി.യു അടക്കം സി.എം.ഡിയോട് നിസഹകരിക്കുകയാണ്. പ്രതിസന്ധിയിലായ കോര്‍പറേഷനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജീവനക്കാരുടെ ശത്രുവാകാനില്ലെന്നും അദ്ദേഹം അറിയിച്ചു.

 

 

webdesk14: