തന്റെ ഫോട്ടോയില്ലാതെ കയര്‍ കേരളയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പരിഭവത്തിന് പരിഹാരമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്‍ മാത്രം അടങ്ങിയ ഫഌക്‌സ് ബോര്‍ഡുകള്‍ മാറ്റി സുധാകരന്റെ ചിത്രം കൂടി ഉള്‍പ്പെട്ട പുതിയ ബോര്‍ഡുകള്‍ ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു.

കയര്‍ കേരളയുടെ പ്രചരണാര്‍ത്ഥ സ്ഥാപിച്ചിട്ടുള്ള കട്ടൗട്ടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും ഫോട്ടോയും മാത്രമേ സംഘാടക സമിതി ഉള്‍പ്പെടുത്തിയിരുന്നുള്ളു. സുധാകര പക്ഷം ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി തലത്തില്‍ പോലും ഇതിനെതിരെ പരാതികള്‍ പോയി. കയര്‍കേരള എന്ന ആശയം സുധാകരന്റെ സൃഷ്ടിയാണെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പോലും അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ കയര്‍കേരളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും സുധാകര പക്ഷക്കാര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
സുധാകര പക്ഷ നേതാക്കള്‍ ചെയര്‍മാന്‍ പദവിയിലുള്ള ചില സ്ഥാനപങ്ങള്‍ സുധാകരന്റെ കൂടി ഫോട്ടോ ഉള്‍പ്പെടുത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിപ്പിക്കാന്‍ ഇതിനിടെ നീക്കം നടന്നിരുന്നു. പരാതിയുമായി പാര്‍ട്ടിയുടെ സംസ്ഥാന തലത്തില്‍ വരെ പോയതോടെ സുധാകരന്റെ ഫോട്ടോയും ഉള്‍പ്പെട്ട ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം സ്ഥാപിച്ചിരുന്ന പിണറായി വിജയന്റേയും തോമസ് ഐസക്കിന്റെ ചിത്രങ്ങള്‍ മാത്രം അടങ്ങിയ ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്താണ് സുധാകരന്റെ ഫോട്ടോയും കൂടി ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് മൂലം അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. നേതാവിന്റെ ചിത്രത്തിന് വേണ്ടി കയര്‍ കേരളക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്ന പരാതി സിപിഎമ്മിനുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.