മുക്കം: ജനവാസ മേഖലയില്‍ കൂടിയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തണമെന്നും അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ വലയത്തെ നേരിടാന്‍ പൊലീസിന്റെ വമ്പിച്ച തയ്യാറെടുപ്പ്.

സമരസമിതിയുടെ നേതൃത്വത്തില്‍ നെല്ലിക്കാപറമ്പില്‍ പ്രവൃത്തി തടയാന്‍ തീരുമാനിച്ചതോടെ സര്‍വ സന്നാഹവുമായി പൊലിസ് സേനയും ഒരുങ്ങി.ഒരാഴ്ചയായി മുക്കം പൊലീസുകാരുടെ വറുതിയിലാണ്. എല്ലാ ഭാഗത്തും പൊലീസ് വാഹനങ്ങളും പൊലീസുകാരുമാണ്. ജനങ്ങള്‍ പേടിച്ച് പുറത്തിറങ്ങാതിരിക്കാനുള്ള പതിനെട്ടടവും പയറ്റുന്നുണ്ട്.ഏത് രീതിയിലും സമരത്തെ നേരിടുന്നതിനായി വന്‍ പൊലീസ് സംഘമാണ് മുക്കത്തും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് .പാലക്കാട് ജില്ലകളില്‍ നിന്നായി 1000ല്‍ അധികം പൊലീസുകാരാണ് ഇവിടെ എത്തിയത്.

ഇന്നത്തെ സമരത്തെ നേരിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി മുക്കത്ത് ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുക്കം ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡി ജി പി രാജേഷ് ദിവാന്‍, കോഴിക്കോട് റൂറല്‍ എസ്പി പുഷ്‌ക്കരന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ കാളി രാജ് മഹേഷ് കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ്, വയനാട് എ.സി.പി. ചൈത്ര തെരേസ, വിവിധ എസ്.പി.മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് അഞ്ച് മണിയോടെ എരഞ്ഞിമാവിലും മുക്കത്തും നെല്ലിക്കാപറമ്പിലും റൂട്ട് മാര്‍ച്ചും നടന്നു.

പ്രവൃത്തി തടയാനാണ് ഭാവമെങ്കില്‍ അതിനെ ഏത് രീതിയിലും നേരിടാനുള്ള ഒരുക്കമാണ് പൊലീസ് നടത്തുന്നത്. സ്ത്രീകള്‍ അടക്കം സമരത്തിന്റെ ഭാഗമാവാനുള്ള സാധ്യത കണക്കിലെടുത്ത് നൂറോളം വനിത പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാഴ്ചയോളം നീണ്ടു നിന്ന പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. രാവിലെ 8.30 ഓടെ എരഞ്ഞിമാവ് കേന്ദ്രീകരിക്കുന്ന സമരക്കാര്‍ പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പിലേക്ക് മാര്‍ച്ച് നടത്തുമെന്നറിയുന്നു.അതേ സമയം പദ്ധതി പ്രദേശത്തിന് തൊട്ടുമുമ്പ് നെല്ലിക്കാപറമ്പില്‍ സമരക്കാരെ പൊലീസ് തടയാനാണ് സാധ്യത. റൂറല്‍ എസ്പി.പുഷ്‌ക്കരന്‍ ഇന്ന് രാവിലെ മുതല്‍ മുക്കത്തുണ്ടാവും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും പൊലീസ് സേന സമരത്തെ നേരിടുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ മനസിലാക്കി സമരസമിതി നേതാക്കളും ജാഗ്രതയിലാണ്. എം.ഐ.ഷാനവാസ് എം.പി, കെ.എം.ഷാജി എം.എല്‍.എ തുടങ്ങിയവര്‍ ഇന്നത്തെ ഉപരോധത്തില്‍ പങ്കെടുക്കും.