ഗെയ്ല്‍ വാതക പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പൊലീസ് നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഏകപക്ഷീയമായി ജനവാസ കേന്ദ്രങ്ങളില്‍ വാതക പൈപ്പ് ഇടുന്ന ഗെയില്‍ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ സമാധാനപരമായി പ്രതിഷേധവികാരം ഉയര്‍ത്തിയ മുക്കത്തെയും കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കുനേരെ നരനായാട്ട് നടത്തിയ പൊലീസ് നടപടി ക്രൂരമായിരുന്നു.

1962ലെ പെട്രോളിയം മിനറല്‍ പൈപ്പ് ലൈന്‍ ആക്ട് 2013ലെ ‘ദി റൈറ്റ് റ്റു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്‌പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് ആക്ട്’ എന്നീ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഗെയില്‍ അധികൃതരുടേത്. ഇതിനെതിരെ സമാധാനമായി പ്രതികരിച്ച ജനങ്ങളുടെ മേല്‍ സമാനതകളില്ലാത്ത അതിക്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ സമരപന്തല്‍ അടിച്ചു തകര്‍ക്കുക, കണ്ടവരെയെല്ലാം ക്രൂരമായി തല്ലിച്ചതക്കുക, വീട്ടിലിരിക്കുന്നവരെ മാരകമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുക തുടങ്ങി ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ അഴിഞ്ഞാട്ടം നടത്തിയ പൊലീസ് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. വീട്ടിലിരുന്ന അഡ്വ. ഇസ്മായില്‍ വാഫ, മുഹമ്മദ് നബീല്‍ എന്നിവരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി മുക്കം പൊലീസ് സ്റ്റേഷനില്‍ എം.ഐ ഷാനവാസ് എം.പി ചര്‍ച്ച നടത്തുന്ന സന്ദര്‍ഭത്തില്‍ പോലും മുക്കം പൊലീസ് സബ്ഇന്‍സ്‌പെക്ടറും കൂട്ടരും നടത്തിയ അക്രമങ്ങള്‍ പൊലീസ് സേനക്ക് തന്നെ തീരാകളങ്കമാണ് വരുത്തിയിട്ടുള്ളത്.

വഴിയിലൂടെ പോകുന്നവരെയും വിവിധ ഇടങ്ങളില്‍ ജോലിചെയ്യുന്നവരെയും മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയവര്‍, ടൂവീലര്‍ യാത്രക്കാര്‍ തുടങ്ങിയവരെ പോലും പൊലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കി. മഞ്ചേരി സബ്ജയിലില്‍ ഏറെപ്പേര്‍ ഇപ്പോഴുമുണ്ട്. ഒന്നിനുപിറകെ മറ്റൊന്നായി ജാമ്യം കിട്ടാതിരിക്കാന്‍ പുതിയ കേസുകളും അവരുടെ പേരിലെടുക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് അവിടെ നിലനില്‍ക്കുന്നത്. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. ആസ്പത്രിയിലേക്ക് പോയവരെ കേസില്‍ പ്രതികളാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പലരേയും വീണ്ടും മര്‍ദ്ദിച്ചു. കേസുകളില്‍ പ്രതികള്‍ ആകുമെന്ന് ഭയപ്പെട്ട് ഭൂരിപക്ഷം പേരും ആസ്പത്രിയില്‍ പോകാതെ സ്വകാര്യ ചികിത്സയിലാണ്.

ജനമര്‍ദ്ദകരായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പിയുടെയുമൊക്കെ മനുഷ്യത്വരഹിതമായ ഭീകര അതിക്രമങ്ങള്‍ക്ക് സമാനമായ കൊടുംപാതകമാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഈ സന്ദര്‍ഭത്തിലും ഉണ്ടായത്. ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തുകയും കൊടിയ പൊലീസ് അതിക്രമങ്ങള്‍ക്ക് വിധേയരാകുകയും ചെയ്ത എ.കെ.ജിയെ പോലുള്ള നേതാക്കള്‍ നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ പിണറായി, പൊലീസിനെ കൈകാര്യം ചെയ്യുമ്പോഴാണ് ജീവിക്കാനായി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം ഉണ്ടായത്.

ഗെയില്‍ അധികൃതരും അവരുടെ കോണ്‍ട്രാക്ടര്‍മാരുടെ വക്താക്കളും പൊലീസ് അധികൃതരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ ദുരന്തം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. പരിഷ്‌കൃത സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ഈ കാട്ടാള ചെയ്തികള്‍ക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടികളും വകുപ്പ്തല നടപടികളും സ്വീകരിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.