ന്യൂഡൽഹി: ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിക്കും. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നാണ് 37-കാരൻ ജനവിധി തേടുക. തീവ്രദേശീയ, ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്ന ഗംഭീർ ഈയിടെയാണ് ബി.ജെ.പിയിൽ ചേർന്നത്.

കശ്മീരിൽ സൈന്യം സിവിലിയൻ യുവാവിനെ ജീപ്പിൽ കെട്ടിവെച്ച് മനുഷ്യകവചമായി ഉപയോഗിച്ചപ്പോൾ അതിനെ അനുകൂലിച്ച് രംഗത്തുവന്നയാളാണ് ഗംഭീർ. പിന്നീട് നോട്ട് നിരോധനം അടക്കമുള്ള ബി.ജെ.പിയുടെ നയപരിപാടികളെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. മെയ് 12-ന് നടക്കുന്ന ത്രികോണ മത്സരത്തിൽ ഗംഭീർ ശക്തമായ വെല്ലുവിളി നേരിടുമെന്നാണ് സൂചന.

യമുനാ നദിയുടെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈസ്റ്റ് ഡൽഹി ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. 1991 മുതൽ 1999 വരെ അഞ്ച് തെരഞ്ഞെടുപ്പുകളിൽ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥികളാണ് ജയിച്ചത്. 2004-ൽ ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് ഇവിടെ കോൺഗ്രസിന്റെ വിജയക്കൊടി നാട്ടി. 2009-ൽ മണ്ഡലത്തിന്റെ അതിരുകൾ മാറിയെങ്കിലും സന്ദീപ് മണ്ഡലം നിലനിർത്തി. 2014-ൽ ആം ആദ്മി പാർട്ടിയുടെ രാജ്‌മോഹൻ ഗാന്ധിയെ പിന്നിലാക്കി ബി.ജെ.പിയുടെ മഹേഷ് ഗിരി വിജയിച്ചു.

സിറ്റിംങ് എം.പി മഹേഷ് ഗിരിയെ മാറ്റിയാണ് ബി.ജെ.പി ഗംഭീറിന് ടിക്കറ്റ് നൽകിയിരിക്കുന്നത്. 16 ലക്ഷത്തോളം വോട്ടർമാരുള്ള ഈസ്റ്റ് ഡൽഹി ഇന്ത്യയിലെ തന്നെ ജനസംഖ്യ കൂടിയ മണ്ഡലങ്ങളിലൊന്നാണ്. കോൺഗ്രസിന്റെ അർവിന്ദർ സിങ് ലവ്‌ലിയും ആം ആദ്മി പാർട്ടിയുടെ അതിഷി മെർലേനയുമാണ് മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികൾ.