നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്‍.

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാനാണ് ഗണേഷ് കുമാര്‍ സബ്മിഷന്‍ ഉന്നയിച്ചത്. ഇക്കാര്യം അവതരിപ്പിക്കുന്നതിനിടയിലാണ് മന്ത്രിക്കെതിരെ അദ്ദേഹം രോഷപ്രകടനം നടത്തിയത്.

സ്‌റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്നും പൊതുജന മധ്യത്തില്‍ എംഎല്‍എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.