സ്‌കൂട്ടറില്‍ ലിഫ്റ്റ് കൊടുത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് യുവതി. സോഷ്യല്‍ മീഡിയയിലൂടെയാണ് അപര്‍ണ എന്ന 23 കാരി അനുഭവം പറഞ്ഞത്. വൈറ്റിലയില്‍ വച്ച് രണ്ട് ആണ്‍ കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുത്തെന്നും അതില്‍ ഒരാള്‍ തന്നോട് ചോദിച്ച ചോദ്യം ഞെട്ടിക്കുന്നതായിരുന്നെന്നുമാണ് അപര്‍ണ പറയുന്നത്.

രണ്ടുപേരില്‍ ഒരാള്‍ വഴിയില്‍ ഇറങ്ങി മറ്റൊരാള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ചോദ്യം ചോദിക്കുന്നത്. ശരീരഭാഗത്ത് സ്പര്‍ശിച്ചോട്ടെ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. അത് കേട്ട് താന്‍ ഞെട്ടിപ്പോയി. ഇത്രയും ചെറിയ പ്രായത്തില്‍ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപര്‍ണ ചോദിക്കുന്നത്. പഠിക്കുന്ന സ്‌കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തേണ്ടതെന്നും അപര്‍ണ ചോദിക്കുന്നു.

 

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ചും അപര്‍ണ പറയുന്നു. സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പെണ്‍കുട്ടികളാണ് എപ്പോഴും കുറ്റക്കാരാവുന്നതെന്നും അതിന് പകരം കുട്ടികളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് അപര്‍ണയുടെ വിഡിയോ. വലിയ ഗൗരവം അര്‍ഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപര്‍ണയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.