X

‘ഗോദി മീഡിയക്കെതിരെ’ രാഹുല്‍ ഗാന്ധി നയിക്കണം; ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സോണിയാ ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചെന്ന വാര്‍ത്ത വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനായി ആവശ്യമുയരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സോണിയാ ഗാന്ധി പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുലിന്റെ തിരിച്ചുവരവിനായി സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം വന്നുതുടങ്ങിയത്.

ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. മോദി അനുകൂല പ്രചാരണം നടത്തുന്ന രാജ്യത്തെ
ഗോദി മീഡിയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍ ആവശ്യംഉന്നയിക്കുന്നത്. #MyleaderRahulGandhi ഹാഷ് ടാഗ് ഇതിനകം ട്വിറ്ററില്‍ ട്രന്റായി.

വിവിധ സംസ്ഥാനങ്ങളിലെ ഔദ്യോഗിക കോണ്‍ഗ്രസ് പേജുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജുകളിലും രാഹുലിനായുള്ള ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് നേതൃസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിനായി ഇതിനകം തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോണിയ സ്ഥാനമൊഴിയാന്‍ താല്‍പര്യമറിയിച്ച് കത്ത് നല്‍കിയത്. നാളെ ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്ഥാനമൊഴിയാന്‍ സോണിയ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച വ്യത്യസ്ത നിലപാടുകളുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സോണിയ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് ഒരു വിഭാഗവും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യമുന്നയിച്ച് മറ്റൊരു വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുന്‍ ബോറ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമാണെന്നും ബോറ അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ജൂലായിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. വീണ്ടും പാര്‍ട്ടി അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോണ്‍ഗ്രസിന് പുതിയ സ്ഥിരം പ്രസിഡന്റ് വേണമെന്ന് പല മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് അതിന് രാജി പിന്‍വലിക്കേണ്ട ആവശ്യമേ ഉള്ളൂ എന്നായിരുന്നു ശശി തരൂരിന്റെ ആഭിപ്രായം. സ്ഥിരമായി ഇടക്കാല പ്രസിഡന്റ് തുടരുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

 

 

chandrika: