X

ഗീബല്‍സിയന്‍ തന്ത്രം വിലപ്പോവില്ല- എം.സി. മായിന്‍ ഹാജി

എം.സി. മായിന്‍ ഹാജി

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴൊക്കെ കൈ വെച്ചിട്ടുണ്ടോ അപ്പോഴെല്ലാം പൊള്ളിയ അനുഭവമാണ് സി.പി.എമ്മിനും ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കുമുണ്ടായിട്ടുള്ളത്. ശരീഅത്ത് വിവാദ കാലം മുതല്‍ ബാബരി മസ്ജിദിന്റെ ധ്വംസനത്തിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവിഷയങ്ങളിലും ശബരിമലയിലുമെല്ലാം പ്രകടമായ അവരുടെ മതവിരുദ്ധ അജണ്ട ഇപ്പോള്‍ വഖഫ് ബോര്‍ഡ് വിഷയത്തിലും പുറത്തു വന്നിരിക്കുകയാണ്. എന്നാല്‍ സമുദായത്തെ ബാധിക്കുന്ന ഗൗരവതരമായ ഈ വിഷയത്തിലുള്ള പിണറായി സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ട കാലേക്കൂട്ടി മനസിലാക്കി സമുദായമൊന്നടങ്കം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ വീണതു വിദ്യയാക്കാന്‍ ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന നുണപ്രചരണങ്ങളാണ് സര്‍ക്കാറിന്റെ തലവനായ മുഖ്യമന്ത്രി തന്നെ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. കഴിഞ്ഞ ദിവസം കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അണിനിരക്കുന്ന, ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പോലും കല്ലുവെച്ച നുണകളാണ് കൈയ്യും കണക്കുമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന സി.പി.എം സമീപനം കുറഞ്ഞ പക്ഷം ആദരണീയരായ ആ നേതാക്കളോടെങ്കിലും മാറ്റിവെക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ ഈ സമീപനം ലജ്ജാവഹമായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ബോര്‍ഡ് ആവശ്യപ്പെട്ടത് കൊണ്ടാണെന്ന പഴമ്പുരാണമാണ് ഇന്നലെയും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. മുന്‍ മന്ത്രി കെ.ടി ജലീല്‍ നാടുനീളെ പറഞ്ഞു നടക്കുകയും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഉള്‍പ്പെടെ ആവര്‍ത്തിക്കുകയും ചെയ്യുന്ന ഈ പ്രചരണത്തിന്റെ വസ്തുത മനസിലാക്കുമ്പോഴാണ് സര്‍ക്കാറിന്റെ കാപട്യത്തിന്റെ മൂടുപടം അനാവരണമാകുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത്, 2019 ഫെബ്രുവരി 23നാണ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിന് സര്‍ക്കാറില്‍ നിന്ന് കത്ത് ലഭിക്കുന്നത്. ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതു നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കുന്നതിന് ബോര്‍ഡ് റെഗുലേഷനില്‍ നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ട് ഭേദഗതി വരുത്തി തീരുമാനമെടുത്ത് സര്‍ക്കാറിലേക്ക് അയക്കണമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. എന്നാല്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തയ്യാറായില്ല. പിന്നീട് സി.പി.എം നേതാവ് ടി.കെ ഹംസയുടെ നേതൃത്വത്തില്‍ പുതിയ ബോര്‍ഡ് അധികാരത്തില്‍ വന്നതിന് ശേഷം 2020 ജനുവരി 17 ന് ബോര്‍ഡിന്റെ മുന്‍ ഭരണ സമിതിക്ക് നല്‍കിയ അതേ കത്ത് ടി.കെ ഹംസ ചെയര്‍മാനായ പുതിയ കമ്മറ്റിക്ക് നല്‍കുകയും ബോര്‍ഡിലെ മുതവല്ലി പ്രതിനിധികളായ ഈ വിനീതന്റെയും അഡ്വ. പി.വി സൈനുദ്ധീന്റെയും വിയോജനക്കുറിപ്പോടെ അത് പാസാക്കുകയുമായിരുന്നു. സര്‍ക്കാറില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുക്കുന്നതെന്ന് യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

മുന്‍വഖഫ് മന്ത്രി കൂടിയായ കെ.ടി ജലീല്‍ എം.എല്‍.എ റഷീദലി ശിഹാബ് തങ്ങളുടെ കാലത്താണ് ഈ തീരുമാനമെടുത്തതെന്ന് നിയമസഭയില്‍ പച്ചക്കള്ളം വിളിച്ചു പറഞ്ഞപ്പോള്‍ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ആ സാമയത്തു തന്നെ തങ്ങളുമായി ബന്ധപ്പെടുകയും വസ്തുത സഭയെ ബോധ്യപ്പെടുത്തിയതുമാണ്. അതിനു ശേഷം റഷീദലി തങ്ങള്‍ തന്നെ ഇക്കാര്യം മാധ്യമങ്ങളുടെ മുന്നില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനു ശേഷവും ഈ നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ബലം സമുദായത്തിന് നല്ല ബോധ്യമുണ്ട്. വാക്കുകളില്‍ ഉറപ്പും പ്രവൃത്തികളില്‍ അതിന് നേര്‍ വിപരീതവും ഭരണത്തിന്റെ ശൈലിയാക്കി മാറ്റിയ പിണറായി സര്‍ക്കാറിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചിലും സമുദായത്തെ കബളിപ്പിക്കാന്‍ ലക്ഷ്യംവെച്ചുള്ള ട്രിപ്പീസ് കളി മാത്രമാണ്. വിശ്വാസത്തിന്റെ മേല്‍ കടന്നുകയറിയപ്പോള്‍ സമുദായം ഒരു മെയ്യും മനസുമായി നിലകൊണ്ടത് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും സകല കണക്കുകൂട്ടലും തെറ്റിച്ചു കളഞ്ഞിരിക്കുകയാണ്. ചെപ്പടിവിദ്യകള്‍ കൊണ്ട് ഈ മുന്നേറ്റത്തെ തകര്‍ത്തുകളയാമെന്നത് ഭരണകൂടത്തിന്റെ വ്യാമേഹം മാത്രമാണ്. ദൈവത്തിന്റെ സ്വത്തെന്ന് വിശ്വാസികള്‍ കരുതുന്ന വഖഫ് സ്വത്തുകളുടെ സംരക്ഷണത്തിന് ഏതറ്റം വരേയും പോകുക എന്നത് മുസ്‌ലിം ലീഗിന്റെ ബാധ്യതയാണ്. നിയമസഭയില്‍ പുതിയ ബില്ല് കൊണ്ടുവന്ന് നിലവിലുള്ള നിയമം റദ്ദ് ചെയ്യുന്നതുവരേ പാര്‍ട്ടി പോരാട്ട വീഥിയിലുണ്ടാവുക തന്നെ ചെയ്യും. അതിന്റെ നിദര്‍ശനത്തിനാണ് ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറം ഇന്ന് സാക്ഷിയാകാനിരിക്കുന്നത്.

(മുസ്‌ലിംലീഗ് സംസ്ഥാന വൈസ്
പ്രസിഡന്റാണ് ലേഖകന്‍)

web desk 3: