ഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം അവസാനിപ്പിച്ചു. ഗൂഗിള്‍ മീറ്റ് ആപ്പ് വഴിയുള്ള ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം ഇനി ഒരു മണിക്കൂര്‍ നേരം വരെ മാത്രമേ നീണ്ടുനില്‍ക്കുകയുളളൂ എന്ന് ഗൂഗിള്‍ അറിയിച്ചു.

നിലവില്‍ ജൂണ്‍ വരെ പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം ലഭിച്ചിരുന്നു. ഇതാണ് അവസാനിപ്പിച്ചത്. ഇനി 55 മിനിറ്റ് കഴിയുമ്പോള്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോള്‍ ഉടന്‍ തന്നെ അവസാനിക്കുമെന്ന് കാണിച്ച് അറിയിപ്പ് നല്‍കും. കോള്‍ നീട്ടണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോക്താവ് പുതുക്കണമെന്നും ഗൂഗിള്‍ അറിയിച്ചു. അല്ലാത്തപക്ഷം 60 മിനിറ്റ് ആകുമ്പോള്‍ കോള്‍ അവസാനിക്കും.

അതേസമയം വ്യക്തിഗത കോളുകള്‍ക്ക് ഇത് ബാധകമല്ല. 24 മണിക്കൂര്‍ വരെ വീഡിയോ കോള്‍ ചെയ്യാം. മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കാണ് ഇത് ബാധകമെന്നും കമ്പനി അറിയിച്ചു. മൂന്നില്‍ താഴെയുള്ള വീഡിയോ കോളുകള്‍ 24 മണിക്കൂര്‍ വരെ തുടരാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.