X
    Categories: CultureMoreNewsViews

പശുക്കളെ താലോലിച്ച ‘ഗോപാലന്‍’ മന്ത്രിക്ക് തോല്‍വി

ജയ്പൂര്: പശു രാഷ്ട്രീയത്തിന്റെ പേരില്‍ ചോരപുഴയൊഴുകിയ രാജസ്ഥാനില്‍ രാജ്യത്തെ ആദ്യ ‘ഗോപാലന്‍’ മന്ത്രിക്ക് തോല്‍വി. രാജ്യത്തെ ആദ്യ പശു പരിപാലന (ഗോ സംരക്ഷണം) വകുപ്പിന്റെ ചുമതലയുള്ള ഓത്രം ദേവസിയാണ് സിരോഹി മണ്ഡലത്തില്‍ പരാജയപ്പെട്ടത്.
കോണ്‍ഗ്രസ് വിമതന്‍ സന്യാം ലോധയോടാണ് ദേവസി പരാജയപ്പെട്ടത്. 71019 വോട്ടുകള്‍ നേടിയ ദേവസിയെ 10,253 വോട്ടുകള്‍ക്കാണ് ലോധ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ ലോധ സ്വതന്ത്രനായി രംഗത്തെത്തുകയായിരുന്നു. പശുക്കളെ സംരക്ഷിക്കാനും പശു ഉല്‍പ്പന്നങ്ങളുടെ വിപണനവും ലക്ഷ്യമിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ തുടക്കമിട്ടതാണ് ഗോപാലന്‍ മന്ത്രാലയം. 2014ല്‍ പ്രത്യേക മന്ത്രാലയമായി ഗോപാലന്‍ തുടക്കമിട്ടു. ഗോ സേവ ഡയറക്ട്രേറ്റ് ഓഫ് രാജസ്ഥാന്‍ എന്നായിരുന്നു ആദ്യ പേര്. പിന്നീട് ഡയറക്ട്രേറ്റ് ഗോപാലന്‍ രാജസ്ഥാന്‍ എന്നാക്കി മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പശുക്കളുള്ളതും സിരോഹി മണ്ഡലത്തിലാണ്. വകുപ്പ് രൂപീകരിച്ചപ്പോള്‍ മന്ത്രിസ്ഥാനത്തിനായി ഏറ്റവും കൂടുതല്‍ കയറു വലിച്ചതും ദേവസിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോല്‍ പശുക്കള്‍ക്കായി പോരാടിയ മന്ത്രിയെ പശു കര്‍ഷകര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ദേവസി മാത്രമല്ല രാജസ്ഥാനില്‍ പരാജയത്തിന്റെ രുചിയറിഞ്ഞത്. മന്ത്രിമാരായ രാമ പ്രതാപ് (ജലവിഭവം), പ്രഭുല്‍ ലാല്‍ സെയ്‌നി (കൃഷി) എന്നിവരും തോറ്റു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: