X
    Categories: CultureMoreNewsViews

കര്‍ഷകരോഷത്തില്‍ വെന്തുരുകി ഛത്തീസ്ഗഡിലെ ബി.ജെ.പി

റായ്പൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വിസ്മയാവഹമായ വിജയം സമ്മാനിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഛത്തീസ്ഗഡിലെ വിളനിലങ്ങളില്‍ ആളിക്കത്തിയ കര്‍ഷക രോഷത്തില്‍ ബി.ജെ.പി വെന്തു വെണ്ണീറായി എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായാണ് ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടു പിന്നാലെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പലതും ഇഞ്ചോടിഞ്ച് പോരാട്ടമോ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമോ ആണ് പ്രവചിച്ചിരുന്നത്. ബി.ജെ.പി അധികാരത്തുടര്‍ച്ച നിലനിര്‍ത്തുമെന്ന സര്‍വേ ഫലങ്ങളും പുറത്തു വന്നിരുന്നു. ഈ കണക്കുകൂട്ടലുകളെയെല്ലാം നിഷ്പ്രഭമാക്കി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത്. ഒന്നര പ്പതിറ്റാണ്ടിനു ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത്. രമണ്‍ സിങ് നേതൃത്വം നല്‍കിയ ബി.ജെ.പി സര്‍ക്കാറിന്റെ വലിയ പതനത്തിനാണ് തെരഞ്ഞെടുപ്പ് സാക്ഷിയായത്. 2013ലെ തെരഞ്ഞെടുപ്പില്‍ 50 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ വെറും 17 സീറ്റിലേക്ക് കൂപ്പുകുത്തി. 2013ല്‍ 38 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 66 സീറ്റുമായാണ് 90 അംഗ നിയമസഭയില്‍ അധികാരത്തിലേറുന്നത്. ബി.എസ്.പിക്ക് മൂന്ന് സീറ്റുണ്ട്. അവരും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കൊപ്പം കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇതിനെതിരെ ഹിന്ദി ഹൃദയഭൂമിയില്‍ പൊട്ടിപ്പുറപ്പെട്ട വലിയ കാര്‍ഷിക സമരങ്ങളുമാണ് രമണ്‍ സിങ് സര്‍ക്കാരിന് ചരമഗീതമെഴുതിയത്. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണച്ചു വന്നിരുന്ന മേഖലകളിലെല്ലാം ഇത്തവണ കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടി. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്താര്‍ റീജിയണിലെ 12 സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ കരുണ ശുക്ലയോട് മുഖ്യമന്ത്രി രമണ്‍സിങ് രക്ഷപ്പെട്ടത്. മന്ത്രിസഭാംഗങ്ങളില്‍ പലരും നിലംപരിശായി.
ഒരു കാലത്ത് ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അജിത് ജ്യോഗി സ്വന്തം പാര്‍ട്ടിയുടെ ബാനറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇത്തവണ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ തുടക്കത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: