X

ഗൊരഖ്പൂര്‍ മരണം; മൗനം വെടിഞ്ഞ് യോഗി ആദിത്യനാഥ്: അന്വേഷണത്തിന് ഉത്തരവിട്ടു

ലക്‌നൗ: ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒടുവില്‍ യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഗോരഖ്പുരിലെ ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ അറുപതിലധികം കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വന്‍ വിവാദമാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും സംഭവത്തില്‍ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. മജിസ്‌ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ലക്‌നൗവില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഓക്‌സിജന്‍ ഇല്ലാതിരുന്ന കാര്യം തന്നോടാരും പറഞ്ഞില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് താന്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആറും പറഞ്ഞില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചെന്നും ആദിത്യനാഥ് വ്യക്തമാക്കി. ഇന്നലെ മുതല്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനപ്പെട്ട വിഷയത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധതിരിച്ചതിന് നന്ദി അറിയിക്കുന്നു എന്നും ആദിത്യനാഥ് പറഞ്ഞു.

പല മാധ്യമങ്ങളും മരണസംഖ്യ പലവിധത്തിലാണ് നല്‍കിയത്. യഥാര്‍ത്ഥ മരണസംഖ്യ എത്രയെന്നും കാരണമെന്താണെന്നും ഉടന്‍ പുറത്തുവരും. ദേശീയ ഹെല്‍ത്ത് സെക്രട്ടറി ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ടെന്നും കുട്ടികളുടെ മരണത്തിന് കാരണക്കാരയവരെ വെറുതെവിടില്ലെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ മരണത്തിനു കാരണം മൊത്തത്തിലുള്ള ശുചിത്വമില്ലായ്മയും തന്‍മൂലമുണ്ടാകുന്ന രോഗങ്ങളുമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ശുചിത്വമില്ലായ്മയ്ക്ക് കാരണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗോരഖ്പുരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച വിവരം പുറത്തുവന്നിട്ടും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

വ്യാഴം, വെള്ളി ദിവസങ്ങളിലായി 30 കുട്ടികള്‍ക്കാണ് ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ജീവന്‍ നഷ്ടമായത്. ഓക്‌സിജന്‍ വിതരണം തകരാറിലായതുമൂലം ശ്വാസം കിട്ടാതെയാണ് കുട്ടികള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള 70 ലക്ഷം രൂപ കുടിശ്ശിക നല്‍കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

chandrika: