X

തട്ടിപ്പുകാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാര്‍-എഡിറ്റോറിയല്‍

ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അന്താരാഷ്ട്ര നയതന്ത്ര സംവിധാനത്തെ ദുരുപയോഗപ്പെടുത്തി സ്വര്‍ണക്കടത്ത് നടന്ന കേരളം രാജ്യത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചതും കൊടിയ നാണക്കേട് വരുത്തിയതുമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അതിന് കുടപിടിച്ചിരുന്നതെങ്കില്‍ ഏതാണ്ട് അതേ കാലഘട്ടത്തിലാണ് സംസ്ഥാനത്ത് മറ്റൊരു വലിയ തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പുകാരോടും പണം കൊള്ളക്കാരോടും സര്‍ക്കാരുദ്യോഗസ്ഥരും ഭരണകക്ഷിക്കാരും എങ്ങനെയാണ് പെരുമാറുന്നത് എന്നതിന് തെളിവായിരുന്നു എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ആരോപണങ്ങള്‍. കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതികളെ രക്ഷിക്കാനും തൊണ്ടിമുതല്‍ തട്ടാനും സംസ്ഥാനത്തെ മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വെളിച്ചത്തുവന്നതാണ്. വനം, റവന്യൂ വകുപ്പുകളുടെ ഒത്താശയോടെ നടന്ന ശതകോടികളുടെ മരംകൊള്ളയാണ് മറ്റൊന്ന്. ഇതിനിടെയാണ് ഇപ്പോള്‍ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കല്‍ എന്നയാള്‍ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സംസ്ഥാനത്തെ അത്യുന്നത പൊലീസ്‌മേധാവിവരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് സംസ്ഥാനത്തെയാകെ ഒരിക്കല്‍കൂടി ഞെട്ടിച്ചിരിക്കുകയാണ്. പത്തു കോടി രൂപയാണ് മോന്‍സണ്‍ പലവിധ മിഥ്യാവാഗ്ദാനങ്ങള്‍ നല്‍കി സമ്പന്നരില്‍നിന്ന് തട്ടിയെടുത്തിരിക്കുന്നത്. ഇതിന് കൂട്ടുനിന്നത് പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്ക് പരോക്ഷമായി ഒത്താശ ചെയ്തത് തീര്‍ച്ചയായും അവരെ ഭരിക്കുന്ന മന്ത്രിമാരും സര്‍ക്കാരും തന്നെയാണ്.

എറണാകുളം കലൂര്‍ ആസാദ് റോഡിലെ കൊട്ടാര സദൃശമായ വീട്ടില്‍ വ്യാജ പുരാവസ്തുവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചാണ് മോന്‍സണ്‍ എന്ന അതിബുദ്ധിമാനായ തട്ടിപ്പുകാരന്‍ ആളുകളെ വലയിലാക്കിയതെന്നാണ് വ്യക്തമായിരിക്കുന്നത്. മോശയുടെ സര്‍പ്പം രൂപം മാറിയതെന്ന് പറയുന്ന വടിയുടെ രൂപം, യേശുവിനെ ഒറ്റിയ യൂദാസിന്റെ രണ്ടു വെള്ളിനാണയം, മുഹമ്മദ്‌നബിയുടെ നമസ്‌കാരപ്പായ, ടിപ്പുസുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ രാജകൊട്ടാരത്തിന്റെ ആധാരം, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, 650 കിലോ പഞ്ചലോഹം, സത്യസായിബാബയുടെ സ്വര്‍ണപാദുകം, 100 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത പിക്കാസോചിത്രം, സെന്റ്ആന്റണിയുടെ നഖം, തിരുവിതാംകൂര്‍ രാജാവിന്റെ സിംഹാസനം, ഡാവിഞ്ചിയുടെ ചിത്രങ്ങള്‍, ഖുര്‍ആന്‍ പ്രതികള്‍ തുടങ്ങി കേട്ടാല്‍ അമ്പരപ്പിക്കുന്ന സാധനങ്ങളാണ് മോന്‍സണ്‍ സ്വന്തം പുരാവസ്തുശേഖരത്തില്‍ സൂക്ഷിച്ചതായി വിശ്വസിപ്പിച്ചിരുന്നത്. കലൂരിലെ വീട്ടിലെത്തുന്നവരെ അമ്പരപ്പിച്ചിരുന്നതും വിശ്വസിപ്പിച്ചിരുന്നതും ഇതിലപ്പുറം അവിടെയുണ്ടായിരുന്ന ഡസനോളം ആഢംബര കാറുകളാണെങ്കില്‍ അതോടൊപ്പംതന്നെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ വാഹനങ്ങളും അവിടെയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. അറബികള്‍ക്ക് പുരാവസ്തുക്കള്‍ നല്‍കിയതുവഴി 2,62,600 കോടിരൂപ തന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണത്രെ മോന്‍സണ്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. പണം നല്‍കിയവരുടെ ലക്ഷ്യവും ഏതാണ്ട് ഇതുപോലെ കൂടിയ വിലക്ക് വസ്തുക്കള്‍ മറിച്ചുവില്‍ക്കുകയായിരുന്നിരിക്കണം.

2017 മുതല്‍ 2020 നവംബര്‍ വരെ പത്തു കോടി രൂപ തട്ടിയെന്ന് കാട്ടി കോഴിക്കോട് സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോന്‍സന്റെ ആഢംബര വീട് സന്ദര്‍ശിക്കുകയും അവിടെയുള്ള വസ്തുക്കളില്‍ ഇരിക്കുകയും കണ്ട് ബോധ്യപ്പെടുകയും ചെയ്തതാണെന്ന് ചിത്ര സഹിതമുള്ള തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇത്രയും വലിയ തട്ടിപ്പുകാരനെയും തട്ടിപ്പിനെയും കുറിച്ച് ഏതൊരു പൊലീസുകാരനും പ്രഥമദൃഷ്ട്യാ സംശയമുന്നയിക്കാമെന്നിരിക്കെ എന്തുകൊണ്ട് ബെഹ്‌റക്കും മനോജ് എബ്രഹാമിനും തട്ടിപ്പിനെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതെപോയി. മാത്രമല്ല, ഇയാള്‍ക്ക് സകലവിധ സുരക്ഷയും ഒരുക്കാനും ഡി.ജി.പി നിര്‍ദേശിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. എന്നാല്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗമാകട്ടെ മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് വിശദമായി പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിയോട് അന്വേഷണത്തിന് പൊലീസ് ആസ്ഥാനത്തുനിന്ന് ശിപാര്‍ശ പോയതായും പറയുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാരില്‍നിന്നും യാതൊരു അനക്കവും ഉണ്ടായതുമില്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ രക്ഷാധികാരിയെന്നും ഇയാള്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചതായി വിവരമുണ്ട്. സിനിമാരംഗത്തും രാഷ്ട്രീയരംഗത്തുമുള്ളവര്‍ ഇയാളുടെ സ്വാധീനവലയത്തില്‍ വീണതിനും തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് നാലു വര്‍ഷത്തോളം ഇയാള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-പൊലീസ് സംവിധാനത്തെ മുഴുവന്‍ നോക്കുകുത്തിയാക്കി ആളുകളെ കബളിപ്പിച്ചും പണം തട്ടിയും നടന്നുവെന്നതിന് മറുപടി പറയേണ്ട ബാധ്യത പൊലീസിനും ഭരിക്കുന്നവര്‍ക്കുമുണ്ട്. ബെഹ്‌റയും മനോജ്എബ്രഹാമും വിരമിച്ചെങ്കിലും ഇവരെയും ചോദ്യം ചെയ്താലേ കാര്യങ്ങളുടെ നിജസ്ഥിതി അറിയൂ.

ഡല്‍ഹി എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ടാണ് തട്ടിപ്പിനായി പ്രതി ഉപയോഗിച്ചതെന്നാണ ്‌വിവരം. എങ്കില്‍ ഇതര സംസ്ഥാനത്തേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കണം. വിഷയത്തെ സര്‍ക്കാരില്‍നിന്നും അടര്‍ത്തിമാറ്റി രാഷ്ട്രീയക്കാരില്‍ ചാര്‍ത്താന്‍ ഭരണകക്ഷി നേതാക്കളില്‍നിന്ന് ശ്രമമുണ്ടായത് പൊതുജനങ്ങളെകൂടി കബളിപ്പിക്കലാണ്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പ്രസ്താവനയിലൂടെ മുനയൊടിഞ്ഞിരിക്കുകയാണ്. പൊലീസ്-സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയെ രാഷ്ട്രീയംകൊണ്ട് മറികടക്കാനാകുമോ എന്ന പരീക്ഷണത്തിലാണിപ്പോള്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമെന്ന് തോന്നുന്നു. ഇയാളുടെ കൂടുതല്‍ വെട്ടിപ്പുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. സാമ്പത്തിക കുറ്റാന്വേഷണം കേന്ദ്ര സര്‍ക്കാരിന്റേതെന്ന നിലക്ക് ബി.ജെ.പിയും മറുപടി പറയണം. സ്വര്‍ണക്കടത്തുകേസില്‍ ഇരു സര്‍ക്കാരുകളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ കച്ചവടം ഈ കേസിലും ഉണ്ടായിക്കൂടാ. പ്രതിയെക്കുറിച്ച് പാതിരിവരെ പോലുള്ളവര്‍ ലേഖനമെഴുതിയതും വീഡിയോ ചെയ്തതും കണക്കിലെടുത്ത് അതേക്കുറിച്ചും അന്വേഷണം വേണം. പാലാബിഷപ്പിന്റെ പ്രസ്താവനയിലെന്നപോലെ ഇതിനെല്ലാം മൂകസാക്ഷിയായി നില്‍ക്കലാണോ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെയും അത് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും ജോലിയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഏതുവിധേനയും പണമുണ്ടാക്കാനായി പായുന്നവരും പുനശ്ചിന്തനം നടത്തേണ്ട സമയമാണിത്.

 

web desk 3: