X

ബഫര്‍ സോണില്‍ മാനുവല്‍ സര്‍വെ നടത്തി ജനവാസ മേഖലകളാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട സര്‍ക്കാര്‍ നാടകം കളിക്കുന്നു

തിരുവനന്തപുരം- ബഫര്‍ സോണില്‍ മാനുവല്‍ സര്‍വെ നടത്തി ജനവാസ മേഖലകളാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട സര്‍ക്കാര്‍ നാടകം കളിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബഫര്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍വെ നടത്തി വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ കൂടി നടത്തി മൂന്ന് മാസത്തിനുള്ളില്‍ കൃത്യമായ വിവരം നല്‍കാനാണ് ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ സര്‍വേ നടത്തിയില്ല.

പുതിയ വിവരങ്ങള്‍ക്ക് പകരം 2020-21 ല്‍ നടത്തിയ സര്‍വെയിലെ വിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്നത്. പുതിയ സര്‍വെ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വെ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പഴയ റിപ്പോര്‍ട്ട് നല്‍കാതെ സുപ്രീം കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം. പുതിയ സര്‍വേയില്‍ ബഫര്‍ സോണില്‍ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകള്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെയും കണക്കെടുക്കണം. ഇത്തരത്തില്‍ 90 ശതമാനമെങ്കിലും ശരിയായ സര്‍വെ റിപ്പോര്‍ട്ടാകണം സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. ജനസാന്ദ്രതയും കൃഷിയിടങ്ങളുമുള്ള പ്രദേശത്തെയാണ് ബഫര്‍ സോണാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതിയെ ഈ റിപ്പോട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് വേണ്ടിയാണ് മാനുവര്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ടും സര്‍ക്കാര്‍ എന്തിനാണ് നാടകം കളിക്കുന്നത് എന്ന് വിഡി സതീശന്‍ ചോദിച്ചു.

ജനുവരിയില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ഏത് റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ പോകുന്നതെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തോടെ ആശയക്കുഴപ്പം വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ചെയ്ത തെറ്റുകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

web desk 3: