X

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം; കത്ത് വ്യാജമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിവധ ഉത്തരവുകള്‍ പ്രഖ്യപിക്കുന്നതിനിടെ വ്യാജ നിര്‍ദേശങ്ങളും പരക്കുന്നതായി റിപ്പോര്‍ട്ട്. ആധാരങ്ങള്‍ ആധാര്‍ കര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന വ്യാജ കത്താണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ആഗസ്ത് 14നകം ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കത്തിലെ നിര്‍ദേശം.

അതേസമയം ആധാരവുമായി ബന്ധപ്പെട്ട കത്ത് വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഉത്തരവിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃര്‍ അറിയിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയക്കുന്നതായി രേഖപ്പെടുത്തിയ കത്ത്, രാഷ്ട്രപതി ഭവന്‍ കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ലെറ്റര്‍ പേഡിലാണ് പകര്‍ത്തിയിരിക്കുന്നത്. 1950 മുതലുള്ള ഭൂമിയുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് കത്ത്. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്റെ ഭാഗമായി ആധാരങ്ങള്‍ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിമാര്‍ക്ക് പുറമെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കും കത്തയച്ചിരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

chandrika: