X
    Categories: MoreViews

ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേത്: കേന്ദ്രം

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് ആധാര്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുക മനുഷ്യ കുലത്തിന് സാധിക്കുന്ന കാര്യമല്ലെന്ന് അവകാശപ്പെട്ടെങ്കിലും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വിദേശ നിര്‍മ്മിത സോഫ്റ്റ് വെയറിലാണെന്ന് യു.ഐ.ഡി.എ.ഐ തന്നെ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഐ.ടി ഭീമന്മാര്‍ വരെ ഉപയോക്താക്കളുടെ വിവര ചോര്‍ച്ചയില്‍ വെള്ളം കുടിക്കുമ്പോഴാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യ കുലത്തിന് അസാധ്യമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം.

2048 എന്‍ക്രിപ്ഷന്‍ കോഡുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനില്‍ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ അശോക് പാണ്ഡേ വിശദീകരിച്ചു. വിവരങ്ങള്‍ പ്രപഞ്ചമുള്ളിടത്തോളം കാലം നിലനില്‍ക്കും. വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണ്. ആധാറിലെ ബയോമെട്രിക് വിവരങ്ങളടക്കം ആര്‍ക്കുവെണമെങ്കിലും ചോര്‍ത്താന്‍ കഴിയുമെന്ന ഹര്‍ജിക്കാരുടെ വാദം യു.ഐ.ഡി.എ.ഐ സി.ഇ.ഒ തള്ളിയെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ തന്നെ വിവര ചോര്‍ച്ചക്കുള്ള സാധ്യത വ്യക്തമാണ്. ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും സെര്‍വര്‍ ഇന്ത്യയുടേതാണെന്നും അതിനാല്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നും മാത്രമാണ് അദ്ദേഹം പറയുന്നത്.

അതായത് വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭിക്കില്ലെന്ന് തീര്‍ത്തു പറയാന്‍ യു.ഐ.ഡി.എ.ഐക്ക് കഴിയുന്നില്ലെന്ന് ചുരുക്കം. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യു.ഐ.ഡി.എ.ഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സി.ഇ.ഒ അറിയിച്ചു. രാജ്യസുരക്ഷയുടെ ഭാഗമായി അത്രയും അത്യാവശ്യമാണെന്ന് കണ്ടാല്‍ മാത്രമേ എന്‍.ഐ.എക്കും, സി.ബി.ഐക്കും ആധാറിലെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ അവകാശമുള്ളൂ. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി, മതം എന്നിവ ആധാറിനു വേണ്ടി ശേഖരിക്കുന്നില്ലെന്നും പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ എല്ലായിപ്പോഴും വിജയകരമാണെന്ന് പറയാനാവില്ലെന്ന പാണ്ഡെയുടെ വിശദീകരണം ആധാറിന്റെ പരിമിതി കൂടി വ്യക്തമാക്കുന്നതാണ്. ആധാറുമായി ബന്ധപ്പെടുത്തിയ രേഖകള്‍ ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകുന്നില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് പാണ്ഡേ കോടതിയില്‍ സമ്മതിച്ചു. ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകാത്തതിനാല്‍ പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാണ്ഡേയുടെ പ്രസ്താവന. ഇത്തരം ഘട്ടങ്ങളില്‍ സേവനങ്ങള്‍ റദ്ദാക്കരുതെന്നും ഇത് മറികടക്കാന്‍ സംവിധാനം കണ്ടെത്തണമെന്നും സര്‍ക്കാറിനോട് യു.ഐ.ഡി.എ.ഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരന്‍മാരുടെ ഐഡന്റിറ്റി പരിശോധനക്കായി പൂര്‍ണമായും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയെ ആശ്രയിക്കരുതെന്നും പാണ്ഡെ കോടതിയെ അറിയിച്ചു. ബയോമെട്രിക് വിവരങ്ങള്‍ യോജിക്കാത്തതിന് ഇന്റര്‍ നെറ്റ് കണക്ഷനിലെ അപാകത, ഉപകരണങ്ങളുടെ അപാകത എന്നിവ കാരണമായേക്കാം. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് പോയന്റ് പ്രസന്റേഷന്‍ ചൊവ്വാഴ്ചയും തുടരും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: