തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ കേസുനടത്താന്‍ ചെലവഴിച്ച കോടികളുടെ കണക്ക് പുറത്ത്. 14കോടി പത്തൊന്‍പതുലക്ഷം രൂപയാണ് കഴിഞ്ഞ നാലരവര്‍ഷമായി സുപ്രീംകോടതിയില്‍ കേസ് നടത്താനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. വിവരാവകാശ രേഖപ്രകാരമാണ് കണക്കുകള്‍ ലഭിച്ചത്. 10കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയില്‍ കേസ് നടത്താനായി സര്‍ക്കാര്‍ വിനിയോഗിച്ചത്.
ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ്ക്കായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് നല്‍കിയത് 64.44 ലക്ഷം രൂപയാണ്. പെരിയ ഇരട്ടകൊലകേസില്‍ അഭിഭാഷകനായി സര്‍ക്കാര്‍ ചെലവഴിച്ചതാകട്ടെ അറുപത് ലക്ഷം രൂപ. ഇതേ കേസില്‍ 25ലക്ഷം രൂപ കൂടി പിന്നീട് ചെലവഴിച്ചിരുന്നു. എന്നാല്‍ കേസ് അവസാനംവരെ പോയിട്ടും സര്‍ക്കാരിന് അനുകൂലമായ വിധി സമ്പാദിക്കാനായിട്ടില്ലെന്നതും ശ്രദ്ധേയമായി.
പയ്യന്നൂരില്‍ രാഷ്ട്രീയ കൊലപാതക കേസില്‍ ഹരിന്‍ പി റാവല്‍ ഹാജരായതിന് ചെലവ് 46 ലക്ഷമാണ്. സര്‍ക്കാര്‍ അഭിഭാഷകരടക്കം നിരവധി പേരുണ്ടായിട്ടും പുറത്തുനിന്ന് ലക്ഷങ്ങള്‍ മുടക്കിയാണ് പ്രധാനകേസുകളെ സര്‍ക്കാര്‍ നേരിട്ടത്. പ്രതിപക്ഷമടക്കം നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചെങ്കിലും മാറ്റംവരുത്താന്‍ തയാറായില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പൊതുകടമെടുക്കുന്ന സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ ഒരുഘട്ടത്തില്‍പോലുംതയാറായിട്ടില്ലെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.