ന്യൂഡല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് മലിനമായ ഡല്‍ഹിയില്‍ കൃത്രിമ മഴയുടെ സാധ്യത തേടി ഹരിത ട്രൈബ്യൂണല്‍. ഹെലികോപ്ടര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഡല്‍ഹിയെയും അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയെയും പഞ്ചാബിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിഭാഷകരാണ് കോടതിയില്‍ ഹാജരായിരുന്നത്. ഏഴു ദിവസത്തേക്ക് ഡല്‍ഹിയിലെയും അഞ്ചു അയല്‍ സംസ്ഥാനങ്ങളിലെയും എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.