X

പരസ്യനികുതി പിരിവ്; തദ്ദേശസ്ഥാപനങ്ങളില്‍ ജി.എസ്.ടി കൗണ്‍സിലില്‍ അവ്യക്തത

കോഴിക്കോട്: കോര്‍പറേഷനുകളിലും മറ്റ് തദ്ദേശസ്ഥാപനങ്ങളിലും പരസ്യനികുതി പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ പറയുമ്പോഴും ഇക്കാര്യത്തില്‍ അവ്യക്തതയും ആശയക്കുഴപ്പവും തുടരുന്നു. നിലവില്‍ പരസ്യനികുതി പിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തമായി താരിഫ് തയാറാക്കി കരാറുകാരെ ഏല്‍പിക്കുകയാണ് പതിവ്.

കോഴിക്കോട് കോര്‍പറേഷനില്‍ 2018 മാര്‍ച്ച് 31 വരെ ഇതിനായി ആഡ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തെയാണ് ഏല്‍പിച്ചിരുന്നത്. 60 സ്‌ക്വയര്‍ഫീറ്റ് അളവിലുള്ള ബോര്‍ഡുകള്‍ക്ക് 900 രൂപവരെ ഈടാക്കാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതില്‍ താഴെ വരുന്ന ബോര്‍ഡുകള്‍ക്ക് ഫീസ് ഈടാക്കിയിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത് ചെറിയ ബോര്‍ഡുകള്‍ക്ക് പോലും 3000 മുതല്‍ 3500 രൂപ വരെ ഈടാക്കുന്നുണ്ട്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

അതേസമയം, പരസ്യനികുതി ഈടാക്കാന്‍ കോര്‍പറേഷന് ഇനി മുതല്‍ അധികാരമില്ല എന്നാണ് അധികൃതര്‍ പറയുന്നത്. ജി.എസ്.ടി കൗണ്‍സില്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും പരസ്യനികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട ജോലികളൊന്നും അവര്‍ തുടങ്ങിയിട്ടില്ല. കോര്‍പറേഷനിലെ കരാര്‍ എടുത്ത സ്ഥാപനം അധികതുക ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ജി.എസ്.ടി കൗണ്‍സില്‍ എന്നുമുതലാണ് നികുതി ഈടാക്കി തുടങ്ങുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുവരെ കോര്‍പറേഷന്‍ ഈടാക്കിയ തുക ജി.എസ്.ടി കൗണ്‍സിലിന് കൈമാറണമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തില്‍ യാതൊരു ഉത്തരവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആശയക്കുഴപ്പത്തിന്റെ ഇടവേളയില്‍ അധികനികുതി ഈടാക്കാന്‍ കരാര്‍ ഏറ്റെടുത്ത സ്ഥാപനം തുനിഞ്ഞിറങ്ങുന്നത് തടയാനും സംവിധാനമില്ല. ഈ വിഷയത്തില്‍ കോര്‍പറേഷന്‍ അധികാരികള്‍ അഴകൊഴമ്പന്‍ നയമാണ് തുടരുന്നതെന്ന് ആക്ഷേപമുണ്ട്.
ജി.എസ്.ടി സംവിധാനം വന്നതോടെ വിനോദനികുതി പിരിക്കാനുള്ള അവകാശവും അവര്‍ക്കാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിലവില്‍ തദ്ദേശസ്ഥാപനങ്ങളാണ് വിനോദനികുതി സ്വീകരിക്കുന്നത്. അവരുടെ പ്രധാന വരുമാനമാര്‍ഗവുമാണത്. ജി.എസ്.ടി കൗണ്‍സില്‍ അതിലും കൈവെക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ നില പരുങ്ങലിലാവും.
കോഴിക്കോട് കോര്‍പറേഷനില്‍ ഭരണകക്ഷിയുമായി ബന്ധമുള്ള സ്ഥാപനമാണ് പരസ്യനികുതി പിരിക്കാന്‍ കരാര്‍ എടുത്തിരുന്നത്. അവര്‍ അധികതുക ഈടാക്കാന്‍ തുടങ്ങിയപ്പോഴാണ് വിവാദം ഉയര്‍ന്നത്. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം ജി.എസ്.ടിയുടെ തലയിലിടാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്.

chandrika: