ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന് കളമൊരുമ്പോള്‍ കൂടുതല്‍ യുവനേതാക്കലെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസ്സ്. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടിക്കാഴ്ച നടത്തി.
ഒ.ബി.സി നേതാവ് അല്‍പേശ് തൂക്കൂറിന് പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ വിശാല സഖ്യ സാധ്യതകള്‍ വീണ്ടും തെളിഞ്ഞു.
പട്ടേല്‍ സമര നായകന്‍ ഹര്‍ദികും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് വിവരം. ഗുജറാത്തിലെ ദളിത് കൂട്ടായ്മയായ ദളിത് അധികാര്‍ മഞ്ചിന്റെ നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്നലെകൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണ ഗുജറാത്തിലെ നവസാരിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചക്കു ശേഷം രാഹുല്‍ ഗാന്ധിയുടെ ജാഥാ വാഹനത്തില്‍ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തു. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 17 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ജിഗ്നേഷ് മേവാനി രാഹുലിന് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് കൂട്ടായ്മയുടെ പിന്തുണ കോ ണ്‍ഗ്രസിന് അദ്ദേഹം വാഗ്ദാനം ചെയ്തതായാണ് വിവരം. ബി.ജെ.പി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നു പറഞ്ഞ മേവാനി അവകാശ പത്രികയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ദളിതുകള്‍ക്ക് അഞ്ചേക്കര്‍ കൃഷി ഭൂമി നല്‍കുക, മൃഗതോല്‍ ഉരിയുന്നവര്‍ക്കും, തോട്ടി വേലക്കാര്‍ക്കും പകരം ജോലി നല്‍കുക, സുരേന്ദ്ര നഗര്‍ ജില്ലയില്‍ ദളിതുകള്‍ക്കു നേരെ 2012ല്‍ നടന്ന വെടിവെപ്പിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുക തുടങ്ങിയവയാണ് മേവാനി രാഹുലിന് മുന്നില്‍ വെച്ച പ്രധാന ആവശ്യം. അതേ സമയം ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നറിയിച്ച രാഹുല്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇവ ഉള്‍പ്പെടുത്താമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേ സമയം കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച മേവാനി ജനവിരുദ്ധ സര്‍ക്കാറിനെ താഴെ ഇറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു.
കോണ്‍ഗ്രസിനുള്ള പിന്തുണ മാധ്യമങ്ങളോട് തുറന്ന് പറയാന്‍ വിസമ്മതിച്ച മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറായപ്പോള്‍ ബി. ജെ. പി ഒരിക്കല്‍ പോലും തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും ആരോപിച്ചു.
ജനവിരുദ്ധ ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം തങ്ങളുടെ ആവശ്യങ്ങള്‍ കേട്ട രാഹുല്‍ ഇതില്‍ 90 ശതമാനം ആവശ്യങ്ങളും ദളിതുകളുടെ ഭരണഘടനാ പരമായ അവകാശമാണെന്ന് പറഞ്ഞതായും മേവാനി കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.