X
    Categories: CultureMoreViews

കടുത്ത വരള്‍ച്ച: ഗുജറാത്തില്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ യാഗങ്ങള്‍ നടത്തുന്നു

ഗാന്ധിനഗര്‍: കനത്ത വരള്‍ച്ചയെ മറികടക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യാഗങ്ങള്‍ നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. നല്ല മഴ ലഭിക്കാന്‍ മെയ് 31ന് സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലുമായി 41 പര്‍ജന്യ യാഗങ്ങള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണന്‍ എന്നിവരുടെ കരുണ തേടിയാണ് സര്‍ക്കാര്‍ വക യാഗങ്ങള്‍.

സംസ്ഥാന സര്‍ക്കാറിന്റെ ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായ സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് യാഗങ്ങള്‍ സംഘടിപ്പിക്കുന്നത്. നല്ലൊരു മണ്‍സൂണ്‍ പ്രതീക്ഷിച്ചാണ് പൂജകള്‍ സംഘടിപ്പിക്കുന്നതെന്നും പൂജകള്‍ക്ക് ശേഷം പ്രസാദവിതരണം ഉണ്ടായിരിക്കുമെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. യാഗങ്ങളിലും തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കടുത്ത വരള്‍ച്ചയാണ് ഗുജറാത്ത് നേരിടുന്നത്. 25,227 മില്യന്‍ ക്യൂബിക് മീറ്റര്‍ വരെ വെള്ളം ശേഖരിച്ചുവെക്കാന്‍ ശേഷിയുള്ള ഗുജറാത്തിലെ 204 ഡാമുകളില്‍ ആകെ 29 ശതമാനം മാത്രമാണ് വെള്ളമുള്ളത്. വരള്‍ച്ചയെ നേരിടാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടക്കം നേരിട്ടേക്കാവുന്ന തിരിച്ചടി മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: