X

മോദിയുടെയും അമിത്ഷായുടെയും അശ്വമേധ കുതിരയെ പിടിച്ചു കെട്ടുകയായിരുന്നു തന്റെ ലക്ഷ്യം; തുറന്നടിച്ച് കുമാരസ്വാമി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം മോദിയുടെയും അമിത്ഷായുടെയും അശ്വമേധ കുതിരയെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് ആ കുതിരയെ പിടിച്ചുകെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ജീവനില്ലാത്ത കുതിരയെ ആയിരിക്കും മോദിക്ക് തിരിച്ചുകിട്ടുകയെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇത്രയധികം നേതാക്കളെത്തുന്നത് ചരിത്രമാണ്. തന്നെ പിന്തുണക്കാനല്ല, 2019ല്‍ വലിയൊരു മാറ്റമുണ്ടാകുമെന്ന സന്ദേശം നല്‍കാനാണ് അവര്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദേശീയ-പ്രാദേശിക കക്ഷി നേതാക്കള്‍ ബംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കെത്തിയത് വലിയ മാറ്റത്തിന്റെ ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രമുഖരുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ നേതാക്കളാണ് സത്യപ്രതിജ്ഞക്ക് എത്തിയത്.

വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കുമെന്ന് കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെ.ഡി.എസ്-ബി.എസ്.പി സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കുമാരസ്വാമി മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 അംഗങ്ങളും ജെ.ഡി.എസിന് 12 അംഗങ്ങലുമാണുണ്ടാവുക. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്‍ രമേശ്കുമാരാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

chandrika: