അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധരെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാറിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന ഹര്‍ദിക് പട്ടേല്‍, അല്‍പേശ് തോക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവരോട് കോണ്‍ഗ്രസ് പിന്തുണ തേടി. ഹര്‍ദിക് പട്ടേല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കും, ദളിതുകളുടെ അവകാശത്തിനായി പോരാടുന്ന ജിഗ്നേഷ് മേവാനിക്കും ഒ.ബി.സി വിഭാഗക്കാരുടെ ആവശ്യങ്ങള്‍ക്കും മദ്യത്തിനും അഴിമതിക്കുമെതിരെ പോരാടുന്ന അല്‍പേശ് താക്കൂറിനും ടിക്കറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കി പറഞ്ഞു. മൂവരേയും കോണ്‍ഗ്രസുമൊത്ത് യോജിച്ചുള്ള പോരാട്ടത്തിന് ക്ഷണിക്കുന്നതായും സോളങ്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായ 24കാരന്‍ ഹര്‍ദിക് പട്ടേലിന് പട്ടീദാര്‍ സമുദായത്തിനിടയില്‍ കാര്യമായ സ്വാധീനമുണ്ട്.

rahul-gandhi-bullock-cart-pti_650x400_71506339768അതേ സമയം തെരഞ്ഞെടുപ്പിനായുള്ള തീയതി പോലും പ്രഖ്യാപിച്ചിട്ടില്ലെന്നും മത്സരിക്കാനില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ക്ഷണത്തിനു പിന്നാലെ ഹര്‍ദിക് പട്ടേലിന്റെ പ്രതികരണം. തങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവിധ ദളിത് സംഘടനകളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച ഓഫര്‍ സ്വീകരിക്കുന്ന കാര്യം തീരുമാനിക്കൂവെന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ മറുപടി. താന്‍ ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും നിലപാടുകള്‍ക്ക് എതിരാണ്. ഇന്ത്യയില്‍ ജനാധിപത്യം തുടച്ചു നീക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്റെ പ്രതിഷേധം സാമൂഹികവും രാഷ്ട്രീയവുമാണ്. എന്നാല്‍ മറ്റുള്ളവരുമായി ആലോചിച്ച ശേഷം മാത്രമേ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ മേവാനി പറഞ്ഞു. ഒ.ബി.സി, എസ്.സി-എസ്.ടി ഏകത മഞ്ച് നേതാവ് അല്‍പേശ് താക്കൂര്‍ ഇതുവരെ കോണ്‍ഗ്രസ് വാഗ്ദാനത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അല്‍പേശ് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂവര്‍ക്കും പുറമെ മുന്‍ ബി.ജെ.പി എം.എല്‍.എയും എ.എ.പി നേതാവുമായ കനു കല്‍സരിയ, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്ത ജെ.ഡി.യു എം.എല്‍.എ ചോട്ടു വാസവ എന്നിവരേയും കോണ്‍ഗ്രസ് വിശാല സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ളയാളാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചുവെങ്കിലും എന്‍.സി.പിയേയും കോണ്‍ഗ്രസ് ഒരുമിച്ച് മത്സരിക്കുന്നതിനായി ക്ഷണിക്കുന്നതായി സോളങ്കി അറിയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മുന്നണിയിലാണ് എന്‍.സി.പി മത്സരിച്ചിരുന്നത്.