X

വിവാഹം പുനസ്ഥാപിക്കണം : ഹാദിയ അപേക്ഷ നല്‍കി

മലപ്പുറം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്‍കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍വെച്ചായിരുന്നു ഹദിയയുടേയും ഷെഫീന്‍ ജഹാന്റേയും വിവാഹം നടന്നത്.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 2017 മെയ് 24 കേസ് ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 മാര്‍ച്ച് 8ന് ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വിധിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഹാദിയ വിവാഹ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.

chandrika: