പരിശുദ്ധ ഹജ്ജിന്റെ പ്രഭാ വലയത്തിലാണ് മിന.നാളെ അറഫ. ളുഹറിന് മുമ്പായി മുഴുവന്‍ ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. സഊദി ഉന്നത പണ്ഡിത അംഗവും റാബിത്വ സെക്രട്ടറി ജനറലുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ ഈസയാണ് ഇത്തവണ അറഫാ ഖുതുബ നിര്‍വഹിക്കുക.

തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും . പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും വെള്ളിയാഴ്ച്ച സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക.

പിന്നീട് ശനിയാഴ്ച്ച സുബ്ഹിക്ക് ശേഷം മിനയിലേക്ക് തിരിക്കുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. ബലികര്‍മ്മവും തലമുണ്ഡനവും നിര്‍വഹിച്ച് ഹാജിമാര്‍ ഇഹ്‌റാമില്‍ നിന്ന് വിടവാങ്ങും. പിന്നീട് ഹജ്ജിന്റെ ത്വവാഫ് നിര്‍വഹിക്കാന്‍ വിശുദ്ധ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫും സഅയും നിര്‍വഹിക്കും. ദശലക്ഷം തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും സഊദി ഭരണകൂടവും ഹജ്ജ് മന്ത്രാലയവും കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യകേന്ദ്രങ്ങളില്‍ സജ്ജീകരിച്ചു കഴിഞ്ഞു.