X
    Categories: keralaNews

തമിഴ്‌നാട്ടില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ന് ക്യാമ്പിലെത്തും

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. വിമാനത്താവളത്തിനടുത്ത് താല്‍ക്കാലികമായി സജ്ജമാക്കിയ ഹജ്ജ് ക്യാമ്പില്‍ ഇവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം കുറച്ച സാഹചര്യത്തിലാണ് ഈ വര്‍ഷം തമിഴ്‌നാട്ടില്‍ നിന്നുള്ള 1966 തീര്‍ത്ഥാടകരും കൊച്ചി വിമാനത്താവളം വഴി യാത്ര പുറപ്പെടുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തുന്നത്. 12 ന് രാത്രി 8.55 നു പുറപ്പെടുന്ന സഊദി എയര്‍ലൈന്‍സിന്റെ എസ് വി 5753, 13ന് പുലര്‍ച്ചെ 12.10 നു പുറപ്പെടുന്ന എസ്‌വി 5735, പതിനാലിന് രാത്രി 9.30 നു പുറപ്പെട്ടുന്ന എസ് വി 5751, പതിനഞ്ചിനു പുലര്‍ച്ചെ 12.30 ന് പുറപ്പെടുന്ന എസ് വി 5717 എന്നീ നമ്പറുകളിലുള്ള സഊദി എയര്‍ലൈന്‍സിന്റെ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങളിലാണ് നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു ഹജ്ജ് ക്യാമ്പില്‍ ആവശ്യമായ പ്രത്യേക സൗകര്യം ഒരുക്കുന്നതിനു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നു. താമസം, ഭക്ഷണം, യാത്ര രേഖകള്‍ കൈമാറല്‍, യാത്രയയപ്പ് സംഗമം എന്നിവക്കായി പ്രത്യേക സമയ, സ്ഥല ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. സേവനത്തിനായി വോളണ്ടിയര്‍മാരില്‍ നിന്നും തമിഴ്ഭാഷ അറിയുന്നവരെ നിയോഗിച്ചു. തമിഴ്‌നാട്ടില്‍ നിന്നെ ത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ തമിഴ്‌നാട് ഹജ്ജ് കമ്മിറ്റിയുടെ താത്കാലിക ക്യാമ്പ് ഓഫീസും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Chandrika Web: