ഹലാല്‍ വിവാദം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉള്ളതാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രസ്താവിച്ചു. എന്തെങ്കിലും വിഷയം പുതുതായി ഉണ്ടാക്കി ഈ സംഘര്‍ഷം വര്‍ധിപ്പിച്ച് ഭിന്നിപ്പുണ്ടാക്കുകയാണ് ചിലര്‍. പാലാ ബിഷപ്പിന്റെ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടകളുള്ള സംഘടനകളുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം പാലൂട്ടി വളര്‍ത്തുന്നവയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മുസ്‌ലിം വിരുദ്ധത വ്യാപകമായി പ്രചരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആലുവയില്‍ മുസ്ലിംലീഗ് ജില്ലാ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വര്‍ഗീയ ചേരിതിരിവുകളിലേക്ക് പോയപ്പോഴെല്ലാം അതിനെ തടഞ്ഞത് മുസ്ലിംലീഗാണെന്നും അദ്ദേഹം പറഞ്ഞു