X
    Categories: CultureMoreNewsViews

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായി

സി.കെ ഷാക്കിര്‍

ജിദ്ദ: വിശുദ്ധ നഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുഗേഹങ്ങളുടെ സേവകനും സഊദി രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. ജിദ്ദ സുലൈമാനിയയിലെ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അമീറുമാരും മന്ത്രിമാരും ഉള്‍പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഹജ്ജ് – ഉംറ തീര്‍ഥാടകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഹറമൈന്‍ ട്രെയിന്‍ സഊദിയുടെ സ്വപ്ന പദ്ധകളിലൊന്നാണ്. ഒക്ടോബര്‍ നാലു മുതലാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

മക്കയില്‍ നിന്നും മദീനയിലേക്കുള്ള 450 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ഇനി രണ്ട് മണിക്കൂര്‍ മാത്രം മതിയാവും. 300 കിലോമീറ്റര്‍ വേഗതയിലാണ് ഹറമൈന്‍ ട്രെയിന്‍ സഞ്ചരിക്കുക. 417 സീറ്റുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള 35 ട്രെയിനുകള്‍ ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ പദ്ധതിയില്‍ സര്‍വീസ് നടത്തും.

മക്ക, ജിദ്ദ, ജിദ്ദ വിമാനത്താവളം, റാബിഗ് കിംഗ് അബ്ദുല്ല എക്കോണമിക് സിറ്റി, മദീന എന്നിവിടങ്ങളിലായി അഞ്ച് സ്റ്റേഷനുകളാണുള്ളത്. മുഴുവന്‍ സ്റ്റേഷനുകളിലും ഹെലിപ്പാഡ്, കാര്‍ പാര്‍ക്കിംഗ്, സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍, മസ്ജിദുകള്‍, കച്ചവട സ്റ്റാളുകള്‍, ബിസിനസ് ക്ലാസ് ലോഞ്ച്, ബസ്-ടാക്സി സ്റ്റേഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മക്കയിലെ സ്റ്റേഷന്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് നാലു കിലോമീറ്റര്‍ ദുരത്തും മദീനയിലെ സ്റ്റേഷന്‍ മസ്ജിദുന്നബവിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെയുമാണ്.

നിലവില്‍ മക്ക, ജിദ്ദ, റാബിഗ്, മദീന സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. ജിദ്ദ വിമാനത്താവളത്തിന് സമീപത്തെ റെയില്‍വെ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവിടെയും സ്റ്റോപ് അനുവദിക്കും. ഇതോടെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തന്നെ മക്കയിലേക്കും മദീനയിലേക്കും ട്രെയിന്‍ വഴി യാത്ര നടത്താന്‍ കഴിയും. മക്ക-മദീന യാത്രക്ക് എക്കോണമി ക്ലാസില്‍ 150 റിയാലും ബിസിനസ് ക്ലാസില്‍ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദ – മക്ക ഇക്കോണമി ക്ലാസില്‍ 40 റിയാലും ബിസിനസ് ക്ലാസില്‍ 50 റിയാലും ജിദ്ദ – മദീന ഇക്കോണമി ക്ലാസില്‍ 125 റിയാലും ബിസിനസ് ക്ലാസില്‍ 150 റിയാലുമായിരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ രണ്ട് മാസം പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാവും. തീര്‍ഥാടകര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രയാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സഊദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്ന് കോടി ഉംറ തീര്‍ഥാടകരെയും 50 ലക്ഷം ഹജ്ജ് തീര്‍ഥാടകരെയുമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനാവശ്യമായ ഭൗതിക സൗകര്യങ്ങളാണ് സഊദി ഭരണകൂടം സജ്ജമാക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: