കൊട്ടിയം: വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹാരിസ് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു.

വിവാഹ നിശ്ചയത്തിന് ശേഷം പിന്‍മാറിയ പളളിമുക്ക് സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് താന്‍ പിന്‍മാറിയെന്നും പെണ്‍കുട്ടിയെക്കൊണ്ട് ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നുവെന്നും പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളില്‍ നിന്ന് മൊഴിയെടുത്തു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കൊട്ടിയം സിഐയോട് ആവശ്യപ്പെട്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പെണ്‍കുട്ടി ഹാരിസിന്റെ അമ്മയുമായി സംസാരിച്ച ടെലഫോണ്‍ സംഭാഷണം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ യുവതി തൂങ്ങിമരിച്ചത്.