X

ഹര്‍ത്താല്‍: പുനര്‍ വിചിന്തനം നടത്തണം- കെ.പി.എ മജീദ്

 

മലപ്പുറം: അനവസരത്തിലുള്ള ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളും അതുവഴി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാവില്ല. സമീപകാലത്തായി ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഗാന്ധിജിയുടെ സമാധാനപരമായുള്ള സമരമുറകളിലൊന്നാണ് ഹര്‍ത്താല്‍. സ്വയം പുറത്തിറങ്ങാതിരിക്കുക, സ്വന്തം സ്ഥാപനങ്ങള്‍ അടച്ചിടുക എന്നതാണ് ഹര്‍ത്താല്‍ മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവരുടെ ശക്തിതെളിയിക്കലായി മാറിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ അക്രമസംഭവങ്ങളും പൊതുമുതല്‍ നശിപ്പിക്കലും വ്യാപകമായി. എല്ലാം സ്തംഭിപ്പിക്കും എന്ന ഭീഷണിയായി ഹര്‍ത്താല്‍ മാറി എന്നതാണ് വാസ്തവം. നിര്‍ബന്ധപൂര്‍വം എല്ലാം സ്തംഭിപ്പിച്ചിരുന്ന ബന്ദ് നിരോധിച്ചപ്പോള്‍ അതിന്റെ തനിപ്പകര്‍പ്പായി ഹര്‍ത്താലുകള്‍ മാറി. വര്‍ഗീയ വാദികളും അരാഷ്ട്രീയ വാദികള്‍ പോലും ഹര്‍ത്താലിനെ ഇന്ന് ദുരുപയോഗം ചെയ്യുന്നുണ്ട്. അതിനുള്ള വ്യക്തമായ തെളിവാണ് സമീപകാലത്ത് കേരളത്തിലുണ്ടായ അപ്രഖ്യാപിത വാട്‌സ് ആപ്പ് ഹര്‍ത്താല്‍. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്‌തെന്ന മരണമൊഴിയുണ്ടായിട്ടും ബി.ജെ.പി അത് രാഷ്ട്രീയമായി ഉപയോഗിക്കുകയും ഹര്‍ത്താല്‍ നടത്തി ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്തു. ഭരണത്തിലിരിക്കുന്ന സി.പി.എം തങ്ങളുടെ അണികള്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെടുമ്പോള്‍ ഹര്‍ത്താലാചരിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഒരോരുത്തരുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഭരണവും ആഭ്യന്തര വകുപ്പും അവരുടെ പക്കല്‍ തന്നെയായിരിക്കെ ആര്‍ക്കെതിരായിട്ടാണ് ഇവര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. രാഷ്ട്രീയ സംഘട്ടനങ്ങളുടെ പാപഭാരവും ജനങ്ങള്‍ തന്നെ പേറേണ്ട ദുരവസ്ഥയാണിന്ന്.

chandrika: