X

മതവിദ്വേഷ പ്രസംഗം; പി.സി ജോര്‍ജ്ജ് ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍

അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പി.സി ജോര്‍ജ്ജിനെ മാറ്റുന്നത്.

രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ജോര്‍ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റന്നതിന് മുമ്പായി വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പി.സി ജോര്‍ജിനെ രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

വഴി മധ്യേ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യ സഹായം തേടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് പി.സി ജോര്‍ജിനെ എറണാകുളം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വെണ്ണല കേസില്‍ മൊഴി രേഖപ്പെടുത്താന്‍ പി.സി ജോര്‍ജിനോട് ഇന്നലെ ഉച്ചക്ക് രണ്ടരയ്ക്ക് ഹജരാകണമെന്ന് പാലാരിവട്ടം സി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിനായി മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് പി.സി ജോര്‍ജ് അറിഞ്ഞത്. കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ പി.സി ജോര്‍ജ് 10 ദിവസത്തിനകം ലംഘിച്ചെന്നും ഇക്കാരണത്താലാണ് ജാമ്യം റദ്ദാക്കുന്നതെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ (രണ്ട്) ഉത്തരവില്‍ പറയുന്നു.

web desk 3: