X
    Categories: indiaNews

ജിന്ന ടവറിനെതിരെ കലാപക്കൊടിയുമായി ബി.ജെ.പി

അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള ചരിത്ര സ്മാരകമായ ജിന്ന ടവറിനെതിരെയും കലാപക്കൊടിയുമായി ബി.ജെ.പി. ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശത്തേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജിന്ന ടവര്‍ എ.പി.ജെ അബ്ദുല്‍ കലാം ടവറെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം. പാര്‍ട്ടിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എമ്മിന്റെ യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജിന്ന ടവറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിക്കുകയായിരുന്നു. ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.ജെ.പിയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തുണ്ട്.

എന്നാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തയാറായിരുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ബി.ജെ. പി രാജ്യസഭാംഗം ജി.വി. എല്‍ നരസിംഹറാവു രംഗത്തെത്തി. നമ്മള്‍ ആന്ധ്രയിലാണോ അതോ പാകിസ്താനിലാണോ ജീവിക്കുന്നതെന്ന് റാവു ട്വീറ്റ് ചെയ്തു. അതേസമയം ബി.ജെ.പിയുടെ വര്‍ഗീയ നീക്കത്തെ ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി ഇത്രയും തരംതാഴരുതെന്ന് പാര്‍ട്ടി നേതാവ് ലെല്ല അപ്പി റെഡ്ഡി പ്രതികരിച്ചു.

‘ജിന്ന ടവര്‍ സ്വാതന്ത്ര്യത്തിന് മുമ്പ് നിര്‍മിച്ചതാണ്, അത് സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ്. ടവര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമേ സൃഷ്ടിക്കൂ’- അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാപക നേതാവ് എല്‍.കെ അദ്വാനി പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ സ്വാതന്ത്ര്യ സമര സേനാനിയും മതേതരവാദിയുമാണെന്ന് വിശേഷിപ്പിച്ചത് ഓര്‍ക്കണമെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.

web desk 3: