X

സ്വപ്‌നങ്ങളുണ്ടാവണം നല്ല നാളേക്കു വേണ്ടി

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം ഘട്ടം മെമ്പര്‍ഷിപ്പ് വിതരണമായിരുന്നു, അത് പൂര്‍ത്തീകരിച്ചു. ഇനി ശാഖാതലത്തില്‍ കമ്മിറ്റി തിരഞ്ഞെടുപ്പാണ്. സമയനിഷ്ഠയും അച്ചടക്കവും പുലര്‍ത്തി മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തീകരിക്കിയതുപോലെ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പുകളും സമയ കൃത്യതയോടെ തന്നെ നടക്കേണ്ടതുണ്ട്. ഉന്നതമായ ലക്ഷ്യത്തിനു വേണ്ടിയുള്ള മാര്‍ഗമാണ് സംഘടന. നമ്മുടെ ലക്ഷ്യം വളരെ കൃത്യവുമാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുകയും രാജ്യത്തോടുള്ള ബാധ്യത നിര്‍വഹണത്തില്‍ പങ്കാളികളാവുകയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പരിശ്രമിക്കുകയും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി, ഇടപെടുകയും അവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി ജനാധിപത്യ മാര്‍ഗത്തില്‍പോരാടുകയും ചെയ്യുക എന്നതാണത്.

മുസ്‌ലിംലീഗ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അതിനകത്ത് ഹിഡന്‍ അജണ്ടകളില്ല. കൃത്യവും വ്യക്തവുമാണത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയമായ ഇടപെടലുകള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടത്തുമ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തനം, കാരുണ്യ പ്രവര്‍ത്തനം, സമുദായത്തിനകത്ത് ഐക്യവും, സഹോദര സമുദായങ്ങളോട് സാഹോദര്യ ബന്ധവും നിലനിര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റങ്ങള്‍ക്കും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതിനും നിയമനിര്‍മാണ സഭകള്‍ക്കുള്ളിലും പുറത്തും പോരാട്ടം നടത്തിയ സമ്പന്നമായൊരു പൈതൃകത്തിന്റെ പേരു കൂടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രീയ കക്ഷികളുമായി മുസ്‌ലിംലീഗ് കഴിഞ്ഞ കാലങ്ങളില്‍ സഖ്യമുണ്ടാക്കുകയും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഭരണ നിര്‍വഹണത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലടക്കം പങ്കെടുത്തവരില്‍ മുസ്‌ലിംലീഗ് ജനപ്രതിനിധികളുമുണ്ടായിട്ടുണ്ട്. അവര്‍ രാജ്യത്തിനുവേണ്ടി ശബ്ദിക്കുകയും സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസത്തോടെ മുസ്‌ലിംലീഗ് ശാഖാ കമ്മിറ്റികള്‍ പൂര്‍ണമായും നിലവില്‍ വരേണ്ടതുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റേയും അടിത്തറ സാധാരണക്കാരായ താഴെ തട്ടിലുള്ള പ്രാര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ശാഖാ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. അധികാരങ്ങളും സ്ഥാനങ്ങളും അലങ്കാരമല്ല, ഉത്തരവാദിത്തങ്ങളാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വൈവിധ്യങ്ങളായ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്. സാമൂഹികം, രാഷ്ട്രീയം, സാമുദായികം, വിദ്യാഭ്യാസം, സാംസ്‌കാരികം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും ഇടപെടുകയും പക്ഷപാതിത്വമില്ലാതെ ജനങ്ങളെ സേവിക്കുകയും ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ അരികു വത്കരിച്ചവരുണ്ടെകില്‍ അവരെ ചേര്‍ത്തുപിടിക്കണം. അവകാശ നിഷേധങ്ങളോ, നീതി നിഷേധങ്ങളോ അനുഭവിക്കുന്നവരുണ്ടെകില്‍ അവരോടൊപ്പം നില്‍ക്കാന്‍ ആശയങ്ങളോ ആദര്‍ശങ്ങളോ തടസ്സമാകരുത്.

മുസ്‌ലിംലീഗ് നിര്‍ഹിച്ച ഏഴരപ്പതിറ്റാണ്ടിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ ലോകത്തിലെ എല്ലാ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും മാതൃകയാണ്. മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തെ എതിര്‍ത്തവരും വിമര്‍ശിച്ചവരും മുസ്‌ലിംലീഗിനുനേരെ ചോദ്യശരങ്ങള്‍ എയ്തുവിട്ടവരും പില്‍ക്കാലത്ത് വിവിധ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത്തന്നെ പ്രത്യേക വിംഗുകള്‍ രൂപീകരിക്കുകയും, വിവിധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതും അകലമല്ലാത്ത ചരിത്രമാണ്. അതോടെ അവര്‍ മുസ്‌ലിം ലീഗിനു നേരെ ഉയര്‍ത്തിവിട്ട ആരോപണങ്ങളും അഭിപ്രായങ്ങളും റദ്ദാവുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ് ലീഗിനെ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച ചരിത്ര ദൗത്യത്തെ വിസ്മരിക്കാന്‍ കഴിയില്ല. ഏഴരപ്പതിറ്റാണ്ട് ചരിത്രത്തില്‍ മുസ്‌ലിംലീഗിന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രം ഭരണകൂടങ്ങള്‍ തിരുത്താന്‍ നിര്‍ബന്ധിതരായിട്ടുള്ള ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ ന്യൂനപക്ഷങ്ങള്‍ക്ക് പുതിയ അവകാശങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മുസ്‌ലിം ലീഗിനു സാധിച്ചു. ഏഴരപ്പതിറ്റാണ്ടിന്റെ കര്‍മമണ്ഡലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആത്മാഭിമാനത്തിന്റെ മുദ്രകള്‍ കാണാനാവും. ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഏറെ മുന്നോട്ടുപോകാനും കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി മുസ്‌ലിം ലീഗിന് പോഷക ഘടകങ്ങള്‍ രൂപം കൊള്ളുകയും അതതു മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നു.

കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നീതിക്കുവേണ്ടിയുള്ള പ്രതികരണത്തിന്റെ സംഘടിത രൂപമാണ് മുസ്‌ലിം യൂത്ത് ലീഗ്. രാഷ്ട്രീയമായ ഇടപെടലുകളും സംഘടനാപരമായ ചടുലതയുംകൊണ്ട് കേരളത്തിലെ യുവജന രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തലുകളുണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എം.എസ്.എഫ് കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയെടുത്തു. കലാലയങ്ങളില്‍ ഇന്ന് എം.എസ്.എഫ് ഏറെ തെളിച്ചമുള്ള പ്രസ്ഥാനമാണ്. ഈ വര്‍ഷത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പോളിടെക്‌നിക്കില്‍ അടക്കം എം. എസ്.എഫിന്റെ ചരിത്ര വിജയമായിരുന്നു. വനിതാ ലീഗും ഹരിതയും തൊഴിലാളി യൂണിയനുകളും കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടിട്ടുണ്ട്. സര്‍വീസ് സംഘടനകള്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസ ലോകത്ത് കെ.എം. സി.സിയുടെ സേവനത്തെ വാക്കുകള്‍ക്കപ്പുറം അനുഭവിച്ചറിയുന്നവരാണ് മലയാളികള്‍.

പുതിയ കാലം പരീക്ഷണങ്ങളുടേതാണെങ്കിലും, പ്രതീക്ഷകളുടേതു കൂടിയാണ്. രാഷ്ട്രീയമായ പുതിയ കാല്‍വെപ്പുകളും കാലോചിതമായ പരിഷ്‌കരണങ്ങള്‍ക്കുള്ള ആലോചനകളും ചര്‍ച്ചകളും സജീവമാവേണ്ടതുമുണ്ട്. ഇന്ന് പുലര്‍ന്നതെല്ലാം ഇന്നലെ കണ്ട സ്വപ്‌നങ്ങളാണ്, അതുകൊണ്ട് നാളേക്കു വേണ്ടിയാവണം ഇന്നത്തെ സ്വപ്‌നങ്ങളും കര്‍മങ്ങളും. അത്തരം സ്വപ്‌നങ്ങളും കര്‍മങ്ങളും ശാഖാതലത്തില്‍ നിന്നുയര്‍ന്നു വരട്ടെ.

web desk 3: