Connect with us

columns

സ്വപ്‌നങ്ങളുണ്ടാവണം നല്ല നാളേക്കു വേണ്ടി

മുസ്‌ലിംലീഗ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അതിനകത്ത് ഹിഡന്‍ അജണ്ടകളില്ല. കൃത്യവും വ്യക്തവുമാണത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയമായ ഇടപെടലുകള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടത്തുമ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തനം, കാരുണ്യ പ്രവര്‍ത്തനം, സമുദായത്തിനകത്ത് ഐക്യവും, സഹോദര സമുദായങ്ങളോട് സാഹോദര്യ ബന്ധവും നിലനിര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം ഘട്ടം മെമ്പര്‍ഷിപ്പ് വിതരണമായിരുന്നു, അത് പൂര്‍ത്തീകരിച്ചു. ഇനി ശാഖാതലത്തില്‍ കമ്മിറ്റി തിരഞ്ഞെടുപ്പാണ്. സമയനിഷ്ഠയും അച്ചടക്കവും പുലര്‍ത്തി മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തീകരിക്കിയതുപോലെ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പുകളും സമയ കൃത്യതയോടെ തന്നെ നടക്കേണ്ടതുണ്ട്. ഉന്നതമായ ലക്ഷ്യത്തിനു വേണ്ടിയുള്ള മാര്‍ഗമാണ് സംഘടന. നമ്മുടെ ലക്ഷ്യം വളരെ കൃത്യവുമാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുകയും രാജ്യത്തോടുള്ള ബാധ്യത നിര്‍വഹണത്തില്‍ പങ്കാളികളാവുകയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പരിശ്രമിക്കുകയും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി, ഇടപെടുകയും അവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി ജനാധിപത്യ മാര്‍ഗത്തില്‍പോരാടുകയും ചെയ്യുക എന്നതാണത്.

മുസ്‌ലിംലീഗ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അതിനകത്ത് ഹിഡന്‍ അജണ്ടകളില്ല. കൃത്യവും വ്യക്തവുമാണത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയമായ ഇടപെടലുകള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടത്തുമ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തനം, കാരുണ്യ പ്രവര്‍ത്തനം, സമുദായത്തിനകത്ത് ഐക്യവും, സഹോദര സമുദായങ്ങളോട് സാഹോദര്യ ബന്ധവും നിലനിര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റങ്ങള്‍ക്കും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതിനും നിയമനിര്‍മാണ സഭകള്‍ക്കുള്ളിലും പുറത്തും പോരാട്ടം നടത്തിയ സമ്പന്നമായൊരു പൈതൃകത്തിന്റെ പേരു കൂടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രീയ കക്ഷികളുമായി മുസ്‌ലിംലീഗ് കഴിഞ്ഞ കാലങ്ങളില്‍ സഖ്യമുണ്ടാക്കുകയും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഭരണ നിര്‍വഹണത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലടക്കം പങ്കെടുത്തവരില്‍ മുസ്‌ലിംലീഗ് ജനപ്രതിനിധികളുമുണ്ടായിട്ടുണ്ട്. അവര്‍ രാജ്യത്തിനുവേണ്ടി ശബ്ദിക്കുകയും സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസത്തോടെ മുസ്‌ലിംലീഗ് ശാഖാ കമ്മിറ്റികള്‍ പൂര്‍ണമായും നിലവില്‍ വരേണ്ടതുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റേയും അടിത്തറ സാധാരണക്കാരായ താഴെ തട്ടിലുള്ള പ്രാര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ശാഖാ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. അധികാരങ്ങളും സ്ഥാനങ്ങളും അലങ്കാരമല്ല, ഉത്തരവാദിത്തങ്ങളാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വൈവിധ്യങ്ങളായ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്. സാമൂഹികം, രാഷ്ട്രീയം, സാമുദായികം, വിദ്യാഭ്യാസം, സാംസ്‌കാരികം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും ഇടപെടുകയും പക്ഷപാതിത്വമില്ലാതെ ജനങ്ങളെ സേവിക്കുകയും ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ അരികു വത്കരിച്ചവരുണ്ടെകില്‍ അവരെ ചേര്‍ത്തുപിടിക്കണം. അവകാശ നിഷേധങ്ങളോ, നീതി നിഷേധങ്ങളോ അനുഭവിക്കുന്നവരുണ്ടെകില്‍ അവരോടൊപ്പം നില്‍ക്കാന്‍ ആശയങ്ങളോ ആദര്‍ശങ്ങളോ തടസ്സമാകരുത്.

മുസ്‌ലിംലീഗ് നിര്‍ഹിച്ച ഏഴരപ്പതിറ്റാണ്ടിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ ലോകത്തിലെ എല്ലാ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും മാതൃകയാണ്. മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തെ എതിര്‍ത്തവരും വിമര്‍ശിച്ചവരും മുസ്‌ലിംലീഗിനുനേരെ ചോദ്യശരങ്ങള്‍ എയ്തുവിട്ടവരും പില്‍ക്കാലത്ത് വിവിധ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത്തന്നെ പ്രത്യേക വിംഗുകള്‍ രൂപീകരിക്കുകയും, വിവിധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതും അകലമല്ലാത്ത ചരിത്രമാണ്. അതോടെ അവര്‍ മുസ്‌ലിം ലീഗിനു നേരെ ഉയര്‍ത്തിവിട്ട ആരോപണങ്ങളും അഭിപ്രായങ്ങളും റദ്ദാവുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ് ലീഗിനെ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച ചരിത്ര ദൗത്യത്തെ വിസ്മരിക്കാന്‍ കഴിയില്ല. ഏഴരപ്പതിറ്റാണ്ട് ചരിത്രത്തില്‍ മുസ്‌ലിംലീഗിന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രം ഭരണകൂടങ്ങള്‍ തിരുത്താന്‍ നിര്‍ബന്ധിതരായിട്ടുള്ള ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ ന്യൂനപക്ഷങ്ങള്‍ക്ക് പുതിയ അവകാശങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മുസ്‌ലിം ലീഗിനു സാധിച്ചു. ഏഴരപ്പതിറ്റാണ്ടിന്റെ കര്‍മമണ്ഡലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആത്മാഭിമാനത്തിന്റെ മുദ്രകള്‍ കാണാനാവും. ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഏറെ മുന്നോട്ടുപോകാനും കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി മുസ്‌ലിം ലീഗിന് പോഷക ഘടകങ്ങള്‍ രൂപം കൊള്ളുകയും അതതു മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നു.

കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നീതിക്കുവേണ്ടിയുള്ള പ്രതികരണത്തിന്റെ സംഘടിത രൂപമാണ് മുസ്‌ലിം യൂത്ത് ലീഗ്. രാഷ്ട്രീയമായ ഇടപെടലുകളും സംഘടനാപരമായ ചടുലതയുംകൊണ്ട് കേരളത്തിലെ യുവജന രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തലുകളുണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എം.എസ്.എഫ് കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയെടുത്തു. കലാലയങ്ങളില്‍ ഇന്ന് എം.എസ്.എഫ് ഏറെ തെളിച്ചമുള്ള പ്രസ്ഥാനമാണ്. ഈ വര്‍ഷത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പോളിടെക്‌നിക്കില്‍ അടക്കം എം. എസ്.എഫിന്റെ ചരിത്ര വിജയമായിരുന്നു. വനിതാ ലീഗും ഹരിതയും തൊഴിലാളി യൂണിയനുകളും കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടിട്ടുണ്ട്. സര്‍വീസ് സംഘടനകള്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസ ലോകത്ത് കെ.എം. സി.സിയുടെ സേവനത്തെ വാക്കുകള്‍ക്കപ്പുറം അനുഭവിച്ചറിയുന്നവരാണ് മലയാളികള്‍.

പുതിയ കാലം പരീക്ഷണങ്ങളുടേതാണെങ്കിലും, പ്രതീക്ഷകളുടേതു കൂടിയാണ്. രാഷ്ട്രീയമായ പുതിയ കാല്‍വെപ്പുകളും കാലോചിതമായ പരിഷ്‌കരണങ്ങള്‍ക്കുള്ള ആലോചനകളും ചര്‍ച്ചകളും സജീവമാവേണ്ടതുമുണ്ട്. ഇന്ന് പുലര്‍ന്നതെല്ലാം ഇന്നലെ കണ്ട സ്വപ്‌നങ്ങളാണ്, അതുകൊണ്ട് നാളേക്കു വേണ്ടിയാവണം ഇന്നത്തെ സ്വപ്‌നങ്ങളും കര്‍മങ്ങളും. അത്തരം സ്വപ്‌നങ്ങളും കര്‍മങ്ങളും ശാഖാതലത്തില്‍ നിന്നുയര്‍ന്നു വരട്ടെ.

Article

ബി.ബി.സി ഡോക്യുമെന്ററിയും ജനാധിപത്യ ഇന്ത്യയുടെ ഭാവിയും

പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട

Published

on

ഡോ. എം.കെ മുനീര്‍

ഫാഷിസം അതിന്റെ എല്ലാ രൂപ ഭാവത്തോടെയും ഇന്ത്യയില്‍ ഉറഞ്ഞുതുള്ളുകയാണ്. എങ്ങോട്ടാണ് നമ്മുടെ യാത്ര…? ഒരു ഡോക്യുമെന്ററിയെ പോലും അസഹിഷ്ണുതയോടെ നോക്കുന്ന ഭരണകൂടത്തിന് കീഴില്‍ നമ്മുടെ മഹിത ജനാധിപത്യത്തിന്റെ ഭാവി എന്താണ്… ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നിടങ്ങളിലെല്ലാം ഭരണകൂടവും അനുയായികളും പ്രദര്‍ശനം തടയുന്നതിനായി ഏത് നെറികേടും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും ഉന്നത കലാലയമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശനം തടയുന്നതിനായി വൈദ്യുതിബന്ധം വിച്ഛേദിക്കുകയും തുടര്‍ന്ന് ഡോക്യുമെന്ററി മൊബൈല്‍ ഫോണില്‍ കണ്ടു പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരിക്കുന്നു. ഇത്തരം അപ്രഖ്യാപിത അടിയന്തരാവസ്ഥകള്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് തീരാകളങ്കമാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുക എന്ന ജനാധിപത്യ മര്യാദ ബി.ജെ.പി ഭരണാധികാരികള്‍ പാലിക്കേണ്ടതുണ്ട്. അല്ലാതെ വിമര്‍ശനങ്ങളുടെ പേരില്‍ രാജ്യത്തെ കലാപങ്ങളിലേക്ക് മനപൂര്‍വം തള്ളിവിടുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല.

ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തെ ഞെട്ടലോടെയാണ് രാജ്യം കാതോര്‍ത്തത്. അതിന്റെ വിങ്ങലും വേദനയും മനസ്സില്‍നിന്ന് ഒരു കാലത്തും മാഞ്ഞു പോകാത്തവിധം വേട്ടയാടുന്നുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയെക്കുറിച്ച് അത്യന്തം ഭയപ്പാടുകള്‍ സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയിലൂടെ ബി.ബി.സി പുറത്ത്‌വിട്ടിരിക്കുന്നത്. തീര്‍ത്തും ഫാക്റ്റ് ഫൈന്‍ഡിംഗ് ആയ ഒരു ഡോക്യുമെന്റേഷനാണ് ബി.ബി.സി തയ്യാറാക്കിയിരിക്കുന്നത്.

കലാപത്തിന്റെ നേര്‍സാക്ഷികള്‍, ഇരകളോടൊപ്പം നിന്നവര്‍, കലാപത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍, അതിന് സാക്ഷ്യംവഹിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം അഭിമുഖം നടത്തിയാണ് ബി.ബി.സി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അതു കാണുമ്പോള്‍ അന്നത്തെ സംഭവ വികാസങ്ങള്‍ ഹൃദയത്തിലേക്ക് വീണ്ടും അലയടിക്കുകയാണ്. കലാപകാലത്തെ ഗുജറാത്ത് സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യം അദ്ദേഹം അന്ന് നടത്തിയ ഓരോ അഭിമുഖം കാണുമ്പോഴും ബോധ്യമാകും. ഇതിനെയെല്ലാം വളരെ പുച്ഛത്തോടെയാണ് മോദി സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷകളില്‍നിന്നും വ്യക്തമാകും. മോദിയുടെ ഇത്തരം ചെയ്തികളില്‍ ഫാഷിസ്റ്റ് അനുയായികള്‍ അദ്ദേഹത്തിന്റെ പിന്നില്‍ ആവേശത്തോടെ അണിനിരക്കുന്നതും കാണാവുന്നതാണ്. നരേന്ദ്രമോദി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. തന്നെ അഭിമുഖം നടത്തിയവരോട് അദ്ദേഹം അന്നു മുതല്‍ക്കേ കാണിച്ച ഏകാധിപതിയുടെ ശരീരഭാഷയും ശബ്ദവും ഇപ്പോഴും അദ്ദേഹം തുടരുകയാണ്. അത്തരമൊരു വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നു എന്നത് എത്രമാത്രം അപകടകരമാണ് എന്ന് വിളിച്ചുപറയുന്നതാണ് ബി.ബി.സിയുടെ വെളിപ്പെടുത്തല്‍.

ഇതോടെ മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുകയും എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നിശബ്ദമായി നില്‍ക്കുകയും ചെയ്തിരുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇപ്പോള്‍ രാജ്യത്താകമാനം ദര്‍ശിക്കാന്‍ കഴിയും. അത് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇതിനെല്ലാമിടയിലും കുളം കലക്കി മീന്‍പിടിക്കാന്‍ സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഞങ്ങള്‍ മാത്രമാണ് ജനാധിപത്യ ചേരിയോട് പ്രതിബദ്ധതയുള്ളവരെന്ന് സ്ഥാപിക്കാന്‍ മറ്റൊരു തരം ഏകാധിപത്യ മനോഭാവത്തോടെയാണ് കേരള മുഖ്യമന്ത്രി പിണറായിയും സംഘവും നിലകൊള്ളുന്നത്. ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശന വിവാദങ്ങളുടെ മറവില്‍ കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനെയും കുത്തിനോവിക്കാന്‍ മറക്കാത്ത സി.പി.എമ്മിനോടും അവരുടെ ഊരയില്‍ കൂരകെട്ടി പാര്‍ക്കുന്നവരോടും സഹതപിക്കുവാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.

ലോകം മുഴുവന്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തുനിന്ന സമയത്താണ് ചിലര്‍ ആദ്യ ഭാഗത്ത് കോണ്‍ഗ്രസിനെതിരെ വല്ലതും ഉണ്ടോ എന്ന് ഇഴകീറി പരിശോധന നടത്തിയത്. ഇവരുടെയൊക്കെ മനോവൈകൃതത്തിന് ഈ നാട്ടില്‍ ചികിത്സ തല്‍ക്കാലം ലഭ്യമല്ല. ഇന്ത്യയില്‍ ജനാധിപത്യചേരിയുടെ മുന്നണിപ്പോരാളികളായി എക്കാലത്തും പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് മുന്നണിയാണെന്ന പരമയാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തന്നെ ഒരു ഓര്‍മപ്പെടുത്തലാണ്. ആര്‍.എസ്.എസുമായി സഹവസിക്കേണ്ടവര്‍ക്കെല്ലാം കോണ്‍ഗ്രസ് വിട്ടുപോകാം. അവശേഷിക്കുന്നവരെകൊണ്ട് ജനാധിപത്യ ചേരിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച സ്വരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടുമായി രാഹുല്‍ ഗാന്ധി നടത്തിയത്.

അത്രമേല്‍ ശുദ്ധീകരിച്ച ജനാധിപത്യ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുപോലെ മതേതര ചേരിയില്‍ എന്നും അടിയുറച്ചു നിലകൊണ്ട മുസ്‌ലിംലീഗ് എക്കാലത്തും ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട. കേരള ഗവര്‍ണറുമായി നിങ്ങള്‍ വീണ്ടും ഭായി ഭായി ആയ ഈ സമയത്ത് പ്രത്യേകിച്ചും നിങ്ങള്‍ക്കതിന് യാതൊരു അര്‍ഹതയുമില്ല.

ബി.ജെ.പിക്കെതിരായ സന്ധിയില്ലാസമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും മുന്നണിപ്പോരാളികളായി എക്കാലത്തും ഉണ്ടാവുക തന്നെ ചെയ്യും. ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അതില്‍ അണിചേരാം. അതുവഴി മാത്രമാണ് രാജ്യം ഇന്നോളം വിജയപഥം താണ്ടിയിട്ടുള്ളത്. അതെല്ലാവര്‍ക്കും പാഠമാകണം.

Continue Reading

Article

ബി.ബി.സിയെ ഭയക്കുന്ന സംഘ്പരിവാര്‍

2002 ഫിബ്രവരിയിലായിരുന്നു മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതേവര്‍ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്‍ഷത്തിന് ശേഷമുണ്ടായ പുതിയ വെളിപ്പെടുത്തലൊന്നുമല്ല ബി.ബി.സിയുടേത്

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വെളിപ്പെടുത്തിക്കൊണ്ട് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ ബി. ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതോടെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. ഡോക്യുമെന്ററി മാലോകര്‍ കാണാതെ നോക്കാനുള്ള വിറളിപിടിച്ച ഓട്ടത്തിലാണവര്‍. ഡോക്യുമെന്ററിയെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ചുബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഡോക്യുമെന്ററിയുടെ യുട്യൂബ് വീഡിയോകളും അവ ആക്‌സസ് ചെയ്യാനുള്ള ട്വിറ്റര്‍ ലിങ്കുകളും ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരന്റെ പഴയ കൊളോണിയല്‍ മാനസികാവസ്ഥയാണ് ഡോക്യുമെന്ററിയുടെ പിന്നിലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍ ബ്രിട്ടീഷ് അധികൃതര്‍ കേന്ദ്ര സര്‍ക്കാറിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

ജനുവരി 21 ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും നയതന്ത്രരംഗത്തെ പ്രമുഖനുമായ ജാക്ക് സ്‌ട്രോയാണ് ബി.ബി.സി ഡോക്യൂമെന്ററിയെയും അതിലെ ഉള്ളടക്കത്തെയും ശരിവെച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ബി.ബി.സി ഡോക്യുമെന്ററിയിലെ ഉള്ളടക്കമെന്നും ജാക്ക് സ്‌ട്രോ തുറന്നുപറയുന്നു. ബ്രിട്ടനിലെ ഗുജറാത്തി മുസ്‌ലിം വംശജരായ പൗരന്മാര്‍ ഗുജറാത്തില്‍ ജീവിക്കുന്ന തങ്ങളുടെ ബന്ധുമിത്രാദികളുടെ കാര്യത്തില്‍ പ്രകടിപ്പിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നത് എന്നാണ് സ്‌ട്രോ വ്യക്തമാക്കുന്നത്. തന്റെ നിയോജകമണ്ഡലമായിരുന്ന ബ്ലാക്ക്‌ബേണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ നിരവധി പ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഗുജറാത്തികള്‍ വലിയ വിഷമത്തിലും ആശങ്കയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ അവരുടെ കുടുംബങ്ങളില്‍പെട്ട പലര്‍ക്കും ജീവഹാനി സംഭവിക്കുകയും സ്വന്തം ഭൂമി ഉപേക്ഷിച്ചുപോവേണ്ടിവരികയും ചെയ്ത സംഭവങ്ങള്‍ തനിക്കറിയാമെന്നും അത്തരമൊരു സാഹചര്യത്തില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ അന്നത്തെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ റോബര്‍ട്ട് യംഗ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. മറ്റൊരു രാജ്യത്ത് നടന്ന കൂട്ടക്കൊലയെകുറിച്ച് സ്വന്തം നിലക്ക് യു.കെ അന്വേഷണം നടത്താനുണ്ടായ സാഹചര്യം അതായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ ജാക്ക് സ്‌ട്രോ പറയുന്നു.

2002 ഫിബ്രവരിയിലായിരുന്നു മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതേവര്‍ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്‍ഷത്തിന് ശേഷമുണ്ടായ പുതിയ വെളിപ്പെടുത്തലൊന്നുമല്ല ബി.ബി.സിയുടേത് എന്നത് വ്യക്തമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഗുജറാത്ത്, ഇന്ത്യന്‍ സര്‍ക്കാറുകളെ അപലപിച്ചുകൊണ്ട് പരസ്യമായി രംഗത്ത് വന്നത് ബ്രിട്ടന്‍ മാത്രമായിരുന്നില്ല. ബ്രിട്ടന്റെ നിലപാടിനോട് യോജിച്ചുകൊണ്ട് യൂറോപ്യന്‍ യൂനിയനും രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ ജര്‍മ്മന്‍, ഡച്ച് നയതന്ത്രകാര്യാലയങ്ങളും ബ്രിട്ടന്റെ നിലപാടിനോട് യോജിച്ചു ഗുജറാത്തിലെ നിരപരാധരായ സാധാരണക്കാര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാറും പൊലീസും പക്ഷപാതപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ കണ്ട വിദേശ രാജ്യങ്ങളിലെ വിവിധ നേതാക്കള്‍ ‘ഹൃദയഭേദകം’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 1992 ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യ ലോകത്തിന്റെ മുമ്പില്‍ നാണം കെട്ടിരുന്നുവെങ്കില്‍ പത്തുവര്‍ഷം കഴിഞ്ഞ് 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയോടെ ഇന്ത്യയെ കുറിച്ച് ‘അസഹിഷ്ണുതയുടെ കേദാരം’ എന്ന് വിദേശരാജ്യങ്ങള്‍ വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായി.

ജാക്ക് സ്‌ട്രോകരണ്‍ ഥാപ്പര്‍ അഭിമുഖത്തെ കുറിച്ച് ‘നിയോ കൊളോണിയല്‍’ എന്നാണ് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വിശേഷിപ്പിച്ചത്. വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണിത്. ഗുജറാത്ത് കലാപത്തിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിച്ചത് ബ്രിട്ടന്‍ മാത്രമായിരുന്നില്ല എന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ കുറ്റപ്പെടുത്തിയുമാണ് സംസാരിച്ചിരുന്നത് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടും ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിയും രക്ഷപ്പെടാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. നിയോ കൊളോണിയലിസം എന്ന് പറഞ്ഞുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയെ നേരിടുന്ന പരിവാറുകാര്‍ക്ക് പഴയ ബ്രിട്ടീഷ് കൊളോണിയലിസത്തോടുണ്ടായിരുന്ന പ്രണയം മറക്കാന്‍ സാധിക്കുമോ? പഴയ കാലങ്ങളിലെ സംഘ്ബ്രിട്ടീഷ് ‘ഷൂ കഥകളെ’ മൂടിവെക്കാന്‍ സാധിക്കുമോ?

ഗോധ്ര സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം ജനവിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമാക്കിക്കൊണ്ടാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ഇത് കേവലം ആരോപണങ്ങളല്ല, ഹ്യൂമന്‍ വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളാണ് ഈ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഗുജറാത്തിലെ ന്യൂനപക്ഷ സമുദായത്തില്‍പെട്ട സ്ത്രീകളുടെ മേല്‍ ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത് യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള വനിതാ അന്താരാഷ്ട്ര വിദഗ്ധര്‍ ചേര്‍ന്ന് രൂപീകരിച്ച ‘അന്താരാഷ്ട്ര വസ്തുതാന്വേഷണ സമിതി’യാണ്. നൂറു കണക്കിന് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് ചുട്ടുകരിക്കുകയും കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച് തീവെക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറി. വീടുകളില്‍ വെള്ളം കയറ്റി വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നരോദപാട്യയില്‍ അടക്കമുള്ള ഗുജറാത്തിലെ നിരവധി കുഴിമാടങ്ങള്‍ ഗുജറാത്ത് കലാപത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളാണ്. കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായി.

ഇന്ത്യയിലെ അറിയപ്പെടുന്ന നിയമപണ്ഡിതരും മനുഷ്യാവകാശപ്രവര്‍ത്തകരുമായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍, പി.ബി സാവന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയിരുന്ന ‘കണ്‍സേണ്‍ഡ് സിറ്റിസണ്‍ ട്രിബ്യുണല്‍’ (ഇഇഠ), പ്രമുഖ പാരിസ്ഥിതിക പണ്ഡിത വന്ദന ശിവ, പ്രമുഖ മാധ്യമപ്രവര്‍ത്തക ഡിയോണ്‍ ബുന്‍ഷ തുടങ്ങി ഗുജറാത്ത് കൂട്ടക്കൊലയുടെ വസ്തുതകള്‍ അന്വേഷണം നടത്തിയവര്‍ പുറത്തുവിട്ട വിവരങ്ങളില്‍ ചിലത് മാത്രമാണിത്. ചരിത്ര പണ്ഡിതനായ ജ്ഞാനേന്ദ്ര പാണ്ഡെ ഈ ആക്രമണങ്ങളെ ‘കലാപം’ എന്നല്ല വിളിക്കേണ്ടതെന്നും ഭരണകൂട ഭീകരതയെന്നും സംഘടിത രാഷ്ട്രീയ കൂട്ടക്കൊലകള്‍ എന്നുമെല്ലാമാണ് വിശേഷിപ്പിക്കേണ്ടത് എന്നുമാണ് പറഞ്ഞിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത പ്രമുഖ അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റ്റിസ്റ്റ് പോള്‍ ബ്രാസ് ഗുജറാത്ത് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് മുസ്‌ലിം വിരുദ്ധ വംശഹത്യ എന്നായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും നടത്തിയ ഗൂഢാലോചനയായിരുന്നു ഗുജറാത്ത് കൂട്ടക്കൊല എന്നാണ് മറ്റൊരു അമേരിക്കന്‍ രാഷ്ട്രീയ മീമാംസകനായ പ്രൊഫ. സ്‌കോട്ട് ഹിബ്ബാര്‍ഡ് വിശേഷിപ്പിച്ചത്. അറിയപ്പെടുന്ന ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ദീപാന്ദര്‍ ഗുപ്തയും പൊലീസിന്റെയും ഭരണകൂടത്തിന്റെയും പങ്ക് വിളിച്ചുപറഞ്ഞിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത് പോലെ ഇവരാരും നിയോ കൊളോണിയലിസ്റ്റുകള്‍ ആയിരുന്നില്ല. സാധാരണക്കാരായ ആയിരങ്ങളുടെ ജീവനെടുത്ത കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകള്‍ ബി.ബി.സി പുറത്തുവിടുമ്പോള്‍ അതിന് നേതൃത്വം കൊടുത്തവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടക്കൊലയെക്കുറിച്ചുള്ള ഏതൊരു വാര്‍ത്തയും അവരുടെ നെഞ്ചില്‍ തീകോരിയിടുക സ്വാഭാവികമാണ്. ഇഹ്‌സാന്‍ ജാഫ്‌റി, ബില്‍കീസ് ബാനു, ബെസ്റ്റ് ബേക്കറി തുടങ്ങിയ പേരുകളെല്ലാം അവരുടെ സൈ്വര്യം കെടുത്തിക്കൊണ്ടേയിരിക്കും. ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നവര്‍ ഇപ്പോള്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പൗരത്വം തന്നെ ഇല്ലാതാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.

ഗുജറാത്തില്‍ നടത്തിയ വികസനത്തെ ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനാണ് സംഘ്പരിവാര്‍ എക്കാലവും ശ്രമിച്ചുവന്നിട്ടുള്ളത്. എന്നാല്‍ എത്രയെത്ര വികസനമുണ്ടായാലും ഇല്ലെങ്കിലും ഗുജറാത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങളുടെ ആത്മാക്കള്‍ എക്കാലവും സംഘ്പരിവാറിനെ വേട്ടയാടിക്കൊണ്ടിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിയെടുത്ത ചിത്രങ്ങളും ചാനലുകള്‍ രേഖപ്പെടുത്തിവെച്ച ദൃശ്യങ്ങളും കൂട്ടക്കൊലയുടെ സാക്ഷികളായി എക്കാലവും ലോകത്തിന് മുമ്പില്‍ അവതരിച്ചു കൊണ്ടേയിരിക്കും. ബി.ബി.സിയുടെ ഡോക്യുമെന്ററി ബ്ലോക്ക് ചെയ്തതുകൊണ്ട് മാത്രം ഗുജറാത്തില്‍ നടന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം ലോകം മനസ്സിലാക്കാതെ പോവുമെന്ന് സംഘ്പരിവാര്‍ ധരിക്കുന്നുവെങ്കില്‍ അത് കേവലം മിഥ്യാധാരണ മാത്രമാണ്.

Continue Reading

columns

മൂന്നാം മുന്നണി ആര്‍ക്കുവേണ്ടി

കേന്ദ്ര സര്‍ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്‍ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്.

Published

on

കെ.എന്‍.എ ഖാദര്‍

സി.പി.എമ്മിനെ കേരളത്തിലും ചന്ദ്രശേഖര റാവുവിനെ തെലുങ്കാനയിലും കെജരിവാളിനെ ഡല്‍ഹി, പഞ്ചാബ്് സംസ്ഥാനങ്ങളിലും ഇതര പ്രാദേശിക കക്ഷികളെ അവരവര്‍ക്ക് സ്വാധീനമോ ഭരണമോ ഉള്ള സംസ്ഥാനങ്ങളിലും സുഖമായി ഭരിക്കാന്‍ അനുവദിച്ചാല്‍ വിശാലമായ ദേശീയ താല്‍പര്യങ്ങള്‍ ഉപേക്ഷിച്ച് ബി.ജെ.പി സംഘ്പരിവാര്‍ ശക്തികളെ കേന്ദ്രത്തിലും അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഭരിക്കാന്‍ അനുവദിക്കാമെന്നും യാതൊരു വിധത്തിലും അവരെ ശല്യപ്പെടുത്തുകയില്ലെന്നും ഇന്ത്യയിലെ ചില പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ അലിഖിതമായ ഒരു രഹസ്യധാരണയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അവരോട് ആഭിമുഖ്യമുള്ള ഏതാനും പ്രതിപക്ഷ കക്ഷികളും മാത്രമാണ് ഈ ജനവഞ്ചനക്ക് കൂട്ട്‌നില്‍ക്കാത്തത്. തല്‍ഫലമായി മൂന്നാം മുന്നണി രൂപീകരണവും കോണ്‍ഗ്രസില്ലാത്ത ദേശീയ ബദലും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തില്‍ സി.പി.എം ഉള്‍പ്പെടെ ചില പാര്‍ട്ടികള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് ഇന്ത്യ പഠിച്ച പാഠം ബി.ജെ.പിയെ പരാജയപ്പെടുത്തുക ഇന്നത്തെ സാഹചര്യത്തില്‍ എളുപ്പമല്ല എന്നാണ്. ചുരുങ്ങിയപക്ഷം രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്നാലേ ഒരു പരീക്ഷണം പോലും സാധ്യമാവുകയുള്ളൂ. ഈ വസ്തുതകള്‍ നന്നായി അറിഞ്ഞിട്ടും കോണ്‍ഗ്രസ് വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചു പ്രതിപക്ഷകക്ഷികളെ രണ്ടോ മൂന്നോ തട്ടുകളിലാക്കി മാറ്റാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. വിനാശകരമായ ഈ വഴി ബി.ജെ.പിയെയും സംഘ്പരിവാര്‍ ശക്തികളെയും പരോക്ഷമായി സഹായിക്കാനല്ലെങ്കില്‍ എന്തിനാണ്? പലതായി മത്സരിച്ചു തിരഞ്ഞെടുപ്പിന്‌ശേഷം ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകള്‍ ചേര്‍ത്തു വെച്ചാലും ഒരു ഭരണമുണ്ടാവുകയില്ലെന്ന വസ്തുത അറിയാത്തവരുണ്ടോ?

ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങളെയും നിക്ഷിപ്ത താല്‍പര്യങ്ങളെയും പരാജയപ്പെടുത്തി സ്വന്തം ജീവിതവും രാജ്യവും സുരക്ഷിതമാക്കാന്‍ പാര്‍ട്ടികള്‍ക്കതീതമായി ചിന്തിക്കുക മാത്രമായിരിക്കും ഇനിയുള്ള ഏക വഴി. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ദൈനംദിന ജീവിതം കോര്‍പറേറ്റുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും മോദിയും അമിത്ഷായും അദാനിയും അംബാനിയും ഭരിക്കുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാനും ജനങ്ങളുടെ മുമ്പില്‍ മറ്റു വഴികളില്ല. രാഷ്ട്രീയ കക്ഷികള്‍ പറയുന്നത് മാത്രമല്ല ശരിയെന്ന് ജനം തിരിച്ചറിയണം. തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിച്ച വ്യാഖ്യാനമാണ് ജനം പാര്‍ട്ടികളില്‍നിന്നും കേള്‍ക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സി.പി.എം നേതാവ് സീതാറാം യച്ചൂരിക്കും പങ്കെടുത്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ പാര്‍ട്ടിയുടെ കേരള ഘടകം അഥവാ പിണറായി അതിനെ തടഞ്ഞിരിക്കുന്നു. അതേസമയം മുമ്പ് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടുള്ള സി.പി.എം ഇപ്പോള്‍ ത്രിപുരയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നാണ് മത്സരിക്കുന്നത്. ആ ബന്ധം ആശയാധിഷ്ഠിതമല്ലെന്നവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്‍ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്. പ്രകാശ് കാരാട്ട് വളരെ നേരത്തെ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അല്‍പ്പം വ്യത്യസ്തനായ യച്ചൂരിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കേരള ഘടകം അനുവദിക്കുകയില്ല. സി.പി.എം കേന്ദ്ര നേതൃത്ത്വത്തിന്റെ അന്നദാതാക്കള്‍ ബംഗാള്‍ നഷ്ടമായ ശേഷം കേരളമാണല്ലോ കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്നതാണോ ബി.ജെ.പി ഭരിക്കുന്നതാണോ നല്ലത് എന്നൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഇന്നത്തെ സി.പി.എം സംശയരഹിതമായും ബി.ജെ.പിയെ അനുകൂലിക്കും.

താത്വികമായ പദപ്രയോഗങ്ങളാലും പ്രത്യയശാസ്ത്രപരമായ കവചങ്ങളാലും അത് വളച്ചാലും തിരിച്ചാലും അന്തിമ നിലപാട് കോണ്‍ഗ്രസ് വിരുദ്ധതയില്‍ ചെന്നുമുട്ടും. ഈ നയം ചരിത്രത്തിന്റെ ഏതോ ദിശയില്‍ അവരെ പിടികൂടിയതാണ്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഈ നിലപാടില്‍ നിന്നവര്‍ അടിസ്ഥാനപരമായി വ്യതിചലിച്ചിട്ടില്ല. ബി.ജെ.പിയുടെ വളര്‍ച്ചക്കും തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തിനും വഴിതുറന്നതില്‍ ഈ കാഴ്ച്ചപാടിന് പങ്കുണ്ട്. കോണ്‍ഗ്രസിന് പ്രാമുഖ്യമുള്ള ഒരു ഫാസിസ്റ്റ് വിരുദ്ധ മഹാസഖ്യം അവരുടെ അജണ്ടയില്‍ ഇല്ലേ ഇല്ല. ഇതര മതേതര കക്ഷികളും നിഷ്‌കളങ്കരായ രാജ്യസ്‌നേഹികളും സി.പി.എമ്മിന്റെ ഈ കടുംപിടുത്തം തിരിച്ചറിയുന്നില്ലെന്ന് മാത്രം.

ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിച്ചു നോക്കിയതും ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നതും ആശയാധിഷ്ഠിതമല്ല. സ്ഥായിയായ നിലപാടോ കോണ്‍ഗ്രസ് വിരുദ്ധ നയങ്ങളില്‍ നിന്നുള്ള വ്യതിയാനമോ അല്ല. വെറും താല്‍ക്കാലികമായ തിരഞ്ഞെടുപ്പു കൂട്ടുകെട്ടു മാത്രം. നഷ്ടമായ രണ്ടു സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഒരു പരീക്ഷണം മാത്രം. അതില്‍ ജയിച്ചാല്‍ ലാഭം തോറ്റാല്‍ നഷ്ടവുമില്ല. ത്രിപുര തിരിച്ചു കിട്ടിയാല്‍ ആ ഭരണം നിലനിര്‍ത്താനും കേരള മോഡലില്‍ മോദിയുടെ മുമ്പില്‍ തലയാട്ടുകതന്നെ ചെയ്യാനുമാണ് സാധ്യത.

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നതില്‍ ബി. ജെ.പിക്കും ഏറെ സന്തോഷമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം ഇവിടെ സാക്ഷാല്‍കരിക്കാന്‍ സി.പി.എമ്മാണ് ഏറ്റവും നല്ല കൂട്ടായി ബി.ജെ.പി കാണുന്നത്്. കേരള ബി.ജെ.പി ഗ്യാലറിയാല്‍ ഇരുന്നു കളികാണുകയാണ് എന്ന് അവരുടെ കേന്ദ്ര നേതൃത്വം അറിയുന്നുണ്ട്. ബംഗാളിനെ മമതയുടെ പിടിയില്‍നിന്ന് തട്ടിപ്പറിക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോള്‍ അതിനെ സി.പി.എമ്മും അകമഴിഞ്ഞ് സഹായിക്കുന്നു. തൃണമൂല്‍ മുക്ത ബംഗാള്‍ രണ്ടു കൂട്ടരുടെയും ലക്ഷ്യമാണ് ദേശീയ തലത്തില്‍ മൂന്നാം മുന്നണി ഉണ്ടായ കാലത്തെല്ലാം ബി.ജെ.പി ജയിച്ചിട്ടുണ്ട്.

ചന്ദ്രശേഖരറാവുവിനും കെജരിവാളിനും പിണറായി ചെയ്യുന്നത് ഒരു ചേതമില്ലാത്ത ഉപകാരമാണ് അവര്‍ക്കും അതുമതി. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം ഭിന്നിച്ചുകിട്ടിയാല്‍ മതിയല്ലോ. അത് നടക്കും നടത്താന്‍ ഇവര്‍ ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞു. രാഷ്ട്രതാല്‍പര്യമോ ഫാഷിസ്റ്റ് വര്‍ഗീയ വിരുദ്ധതയോ മതേതര ജനാധിപത്യ താല്‍പര്യങ്ങളോ ഇപ്പോള്‍ സി.പി.എമ്മിനെയും ചില പ്രതിപക്ഷ കക്ഷികളെയും അലട്ടുന്നില്ല. അവരവരുടെ അസ്തിത്വവും നിലനില്‍പ്പും ആണ് സുപ്രധാനമെന്ന് വേര്‍തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജ്യം നന്നാക്കാന്‍ തങ്ങള്‍ വിചാരിച്ചാലാവില്ലെന്ന് അവര്‍ കരുതിയ പോലുണ്ട്. സംഘ്പരിവാര്‍ ശക്തികളുമായി ഒരു ഘോരയുദ്ധത്തിലേര്‍പ്പെടാന്‍ അവര്‍ക്കു സമയമില്ല.

കിട്ടാവുന്ന അവസരങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ വാമൊഴിയായും വരമൊഴിയും സേവനം ചെയ്യുന്നവരായി ഈ പാര്‍ട്ടികള്‍ മാറി. കൂടെ നില്‍ക്കുന്ന അണികളാവട്ടെ കാര്യമായ പ്രത്യായശാസ്ത്ര ധാരണകള്‍ ഉള്ളവരുമല്ല. പാര്‍ട്ടി എന്തു ചെയ്താലും അവര്‍ ചോദ്യം ചെയ്യില്ല. അവരുടെ കാര്യങ്ങളും നടന്നു കിട്ടണം. കൊച്ചു കൊച്ചു മോഹങ്ങള്‍ പൂവണിയണം. അവസരവാദമോ അധര്‍മമോ അഴിമതിയോ ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് അധികവും. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതായി ആരോപിക്കപ്പെട്ടതെല്ലാം ഇവിടെ സി.പി.എമ്മും ചെയ്യുന്നു. സത്യത്തില്‍ ബി.ജെ.പിയുടെ ബി ടീം ഇവരൊക്കെയാണ്.

കേരളത്തില്‍നിന്നു ഇന്ത്യയെ കാണാനാണവര്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ കാണാനും ഇന്ത്യയില്‍നിന്നും കേരളത്തെ കാണാനും അവര്‍ക്കു കഴിവില്ലാതെ പോയി. കോണ്‍ഗ്രസിനെ ഇന്ത്യയിലെങ്ങും തോല്‍പ്പിക്കലാണ് ബി.ജെ.പിയുടെ പ്രഥമ രാഷ്ട്രീയ ലക്ഷ്യം. മിക്കവാറും സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയെ തുണക്കുന്നു. അതുവഴി ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ അവര്‍ ആസ്വദിക്കുന്നു. കോണ്‍ഗ്രസ് വിരുദ്ധ ദൗത്യം പൂര്‍ത്തീകരിച്ചു കഴിയുന്നതോടെ ശല്യക്കാരായ ഓരോ സംസ്ഥാനത്തെയും പ്രാദേശിക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങാന്‍ സംഘ്പരിവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. ആ വലിയ വായില്‍ ഇരയാകുന്ന നേരം സി.പി.എമ്മിനെയും കാത്തിരിക്കുന്നു. അന്ന് നിലവിളിച്ചാല്‍ ഓടിവരാന്‍ ഒരു കോണ്‍ഗ്രസും സഖ്യകക്ഷികളും വേണ്ടെന്നാദ്യമേ അവര്‍ തീരുമാനിച്ചല്ലോ. ചുരുക്കിപറഞ്ഞാല്‍ 2024 ലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ദല്ലാളന്മാര്‍ വന്നുകഴിഞ്ഞു.

 

Continue Reading

Trending