X
    Categories: MoreViews

കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു

ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഉപമുഖ്യമന്ത്രിയായി പി.സി.സി അധ്യക്ഷന്‍ ഡോ.ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചവരെ കനത്ത മഴയായിരുന്നു ബെംഗളൂരുവില്‍. എന്നാല്‍ വൈകുന്നേരത്തോടെ മഴമാറിയത് സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കി.

സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന്റെ വേദിയായാണ് കണ്ടത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്‍.ജെ.ഡി നേതാവ് തേജശ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി, എന്‍.സി.പി തലവന്‍ ശരദ് പവാര്‍,മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, ബി.ജെ.പി നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് മുഖ്യമന്ത്രി ഉള്‍പ്പെട്ടെ 12 മന്ത്രിമാരുമെന്നാണ് ധാരണ. ഇവര്‍ പിന്നീടാണ് സത്യപ്രതിജ്ഞ ചെയ്യുക. രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചെങ്കിലും തീരുമാനമായിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ രമേശ് കുമാറാണ് സ്പീക്കര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജനതാദളിനാണ്.

chandrika: