X
    Categories: CultureMoreViews

നേതാക്കള്‍ക്ക് ഹര്‍ഷാരവം, ഗവര്‍ണര്‍ക്ക് കൂവല്‍: പ്രതിപക്ഷനിരയുടെ ഐക്യവേദിയായി ബെംഗളുരു

ബെംഗളുരു: കര്‍ണാകടയില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൂവല്‍. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിയപ്പോഴാണ് സദസ്സില്‍നിന്ന് കൂവലുയര്‍ന്നത്. ഒരാഴ്ച മുമ്പ് കേലവ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും യെദ്യൂരപ്പക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്ത വാജുഭായ് വാല കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് സാഹചര്യമുണ്ടാക്കിയിരുന്നു.

ദേശീയരംഗത്തെ പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കളാല്‍ സമ്പന്നമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മഴഭീഷണി വകവെക്കാതെ ആയിരങ്ങളടങ്ങുന്ന വന്‍ ജനക്കൂട്ടം തന്നെ സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തിയിരുന്നു.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ചന്ദ്രബാബു നായിഡു (ടി.ഡി.പി), അഖിലേഷ് യാദവ് (എസ്.പി), മമതാ ബാനര്‍ജി (ബി.എസ്.പി), ശരദ് പവാര്‍ (എന്‍.സി.പി), തേജശ്വി യാദവ് (ആര്‍.ജെ.ഡി), സീതാറാം യെച്ചൂരി (സി.പി.എം), ശരദ് യാദവ് (ജെ.ഡി.യു), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിനു ശേഷം എല്ലാ നേതാക്കളും കൈകോര്‍ത്ത് സദസ്സിനെ അഭിസംബോധന ചെയ്തു.

ജെ.ഡി.എസ്സിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വേദിയിലെത്തിയപ്പോള്‍ വന്‍തോതിലുള്ള കൈയടിയും ഹര്‍ഷാരവങ്ങളുമാണ് സദസ്സില്‍ നിന്നുയര്‍ന്നത്. രാഹുല്‍ ഗാന്ധി, ഡി.കെ ശിവകുമാര്‍, കുമാരസ്വാമി എന്നിവര്‍ക്ക് നല്ല കൈയടി തന്നെ ലഭിച്ചു.

ചടങ്ങ് തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് വാജുഭായ് വാല വേദിയിലേക്ക് കയറിവന്നത്. വന്‍ കൂവലോടെയാണ് സദസ്സ് അദ്ദേഹത്തെ എതിരേറ്റത്. കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോഴും കൂവല്‍ തുടര്‍ന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: