X

വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയതിന് ഹെഡ് കോണ്‍സ്റ്റബളിന് സസ്പന്‍ഷന്‍

ചെന്നൈ: മദ്യലഹരിയില്‍ വനിതാ സബ് ഇന്‍സ്പെക്ടറോടും മറ്റ് സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കാട്പാഡി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സി.ഗോപിനാഥിനെതിരെയാണ് നടപടി. വെല്ലൂര്‍ പൊലീസ് സൂപ്രണ്ട് എന്‍. മണിവര്‍ണനാണ് സസ്‌പെന്‍ഡ് ചെയ്തത്. 1955ലെ തമിഴ്നാട് പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സ് പ്രകാരമാണ് സി.ഗോപിനാഥിനെതിരായ നടപടിയെന്ന് എസ്.പി പ്രസ്താവനയില്‍ അറിയിച്ചു.

വിഐടി ക്യാമ്പസില്‍ നടന്ന പരിശീലന പരിപാടിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരും കാട്പാടി പൊലീസ് സബ് സര്‍ക്കിളിലെ ഓഫീസര്‍മാരും ഉള്‍പ്പെടെ 40 ഓളം പൊലീസുകാര്‍ പങ്കെടുത്തിരുന്നു.ഇവിടെ വച്ചാണ്, മദ്യപിച്ച് എത്തിയ ഗോപിനാഥ് ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറോടും കാട്പാടി എസ്എച്ച്ഒ എസ്. ഭാരതിയോടും മോശമായി പെരുമാറിയത്. പൊലീസുകാര്‍ ഇയാളെ ഉടന്‍ തന്നെ കാട്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് വെല്ലൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യംസ്ഥിരീകരിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

webdesk13: