തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും. ശനിയാഴ്ച വരെ അതീവജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.

സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50-ന് മുകളിലാണ്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാനത്ത് 71 പേര്‍ക്ക് സൂര്യാഘാതമേറ്റു. ഏറണാകുളത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്. 19 പേര്‍ക്കാണ് ഇവിടെ സൂര്യാതപമേറ്റത്. കോട്ടയം-12, ആലപ്പുഴ-10, പാലക്കാട്-9, മലപ്പുറം-6, കൊല്ലം, തൃശൂര്‍-7, ഇടുക്കി-1 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൂര്യാതപമേറ്റവരുടെ കണക്ക്.