X

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; മരണം 80

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും 80 മരണം. ഇരുസംസ്ഥാനങ്ങളിലും മഴ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വെള്ളക്കെട്ടിലായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ബിഹാറില്‍ കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഉത്തര്‍പ്രദേശിലും ബിഹാറിലും തുടരുന്ന കാനത്ത മഴയില്‍ ജനജീവിതം താറുമാറായി. കനത്ത മഴയെ തുടര്‍ന്ന് 80 മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. പ്രയാഗ്‌രാജില്‍ 102.2 മില്ലിമീറ്റര്‍ മഴയും വാരണാസിയില്‍ 84.2 മില്ലിമീറ്റര്‍ മഴയും ആണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ മഴയുടെ ഏറ്റവും ഉയര്‍ന്ന അളവാണ് ഇത്. കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ സംസ്ഥാന ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സമാന സാഹചര്യം ആണ് ബിഹാറിലും ഉള്ളത്. സംസ്ഥാനത്തെ കോഷി, ഭാഗ്മതി, മഹനന്ദ തുടങ്ങിയ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്.

ബിഹാറില്‍ കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പട്‌നയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രി ആയ നളന്ദ മെഡിക്കല്‍ കോളജില്‍ വെള്ളം കയറിയത് രോഗികളെ ഉള്‍പ്പെടെ വലച്ചു. കനത്ത മഴയില്‍ പട്‌ന ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ 18 കമ്പനി ടീമിനെ ആണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയുടെ പാല ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

web desk 1: